Case | പെരിയ ഇരട്ടക്കൊല: സിബിഐ കോടതിയിൽ പ്രതികളെ ചോദ്യം ചെയ്യൽ തുടങ്ങി; വിധി നവംബർ ആദ്യവാരത്തിൽ ഉണ്ടായേക്കും
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
കാസർകോട്: (KasargodVartha) പ്രമാദമായ പെരിയ ഇരട്ട കൊലക്കേസിൽ പ്രതികളെ സിബിഐ കോടതി ചോദ്യം ചെയ്യാൻ തുടങ്ങി. കേസ് നടപടികൾ ഈ മാസത്തോടെ പൂർത്തിയാക്കി നവംബർ ആദ്യവാരത്തോടെ വിധി പറയാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ കോടതി. യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കല്യോട്ടെ ശരത് ലാൽ, കൃപേഷ് വധക്കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ പ്രതികളെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.
തിങ്കളാഴ്ച രാവിലെ കേസിലെ 22 പ്രതികളെ കോടതിയിൽ ഹാജരാക്കി. മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള 22 പ്രതികളാണ് ഹാജരായത്. മറ്റൊരു പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് കെ മണികണ്ഠനടക്കം രണ്ട് പേർ ഹാജരായില്ല. കേസിൽ 50 സാക്ഷികൾ നൽകിയ മൊഴികളുടെ 605 ചോദ്യങ്ങളാണ് 24 പ്രതികളോട് ചോദിക്കുന്നത്. കേസിൽ 154 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് യൂത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവർ ബൈകിൽ സഞ്ചരിക്കുമ്പോൾ വെട്ടേറ്റ് മരിച്ചത്. ആദ്യം ലോകൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ 14 പ്രതികളെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒന്നാം പ്രതി പീതാംബരൻ, സജി വർഗീസ്, വിജിൻ, ശ്രീരാഗ്, അശ്വിൻ, സുരേഷ്, രജ്ഞിത്, മുരളി, പ്രദീപ് കുമാർ, മണി ആലത്തോട്, സുഭീഷ്, കെ മണികണ്ഠൻ, എ ബാലകൃഷ്ണൻ, അനിൽ എന്നിവരാണ് ക്രൈംബ്രാഞ്ച് പ്രതികപട്ടികയിൽപെടുത്തിയത്.
ഇതിൽ കെ മണികണ്ഠൻ, എ ബാലകൃഷ്ണൻ എന്നിവരടക്കം മൂന്നു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇവർ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പിന്നീട് ഏറെ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീം കോടതി കേസന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ 10 പ്രതികളെ കൂടി ഉൾപ്പെടുത്തി അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
കേസിൽ പത്തൊൻപതാം പ്രതിയായി കെ വി കുഞ്ഞിരാമനെയും ഉൾപ്പെടുത്തി. 2021 ഡിസംബർ ഒന്നിന് സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രടറി രാജേഷ് എന്ന രാജു, പ്രവർത്തകരായ സുരേന്ദ്രൻ എന്ന വിഷ്ണു സുര, ശാസ്താ മധു, ഹരിപ്രസാദ്, റെജി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾ ഇപ്പോൾ കാക്കനാട് സെൻട്രൽ ജയിലിലാണ്. കെ വി കുഞ്ഞിരാമന് പുറമെ പനയാൽ ബാങ്ക് പ്രസിഡൻ്റായിരുന്ന കെ വി ഭാസ്ക്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, രാഘവൻ വെളുത്തോളി എന്നിവരെയാണ് സിബിഐ പ്രതിചേർത്തത്.
ആയിരത്തിലധികം പേജുള്ള കുറ്റ പ്പത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ ഈ മാസം ആറിന് കോടതിയിൽ ചോദ്യം ചെയ്യൽ തുടരും. ഇതിന് ശേഷം കോടതിയിൽ വാദപ്രതിവാദങ്ങൾ നടക്കും. പ്രോസിക്യൂഷന് വേണ്ടി സി ബി ഐ അഭിഭാഷകൻ ബോബി ജോസഫ്, കെ പത്മനാഭൻ എന്നിവർ ഹാജരായി. പ്രതികൾക്ക് വേണ്ടി തളിപ്പറമ്പിലെ അഡ്വ. നിക്കോളാസ്, സി കെ ശ്രീധരൻ ഉൾപ്പെടെ എട്ട് അഭിഭാഷകരാണ് ഹാജരായത്.
#PeriyaDoubleMurder #CBI #Kerala #Justice #Verdict