city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Parole | ടി പി കേസിലെ പോലെ പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളും കൂട്ടത്തോടെ പരോളിലിറങ്ങാൻ സാഹചര്യം ഒരുങ്ങുന്നു; വിധി പറഞ്ഞ് ഒന്നര മാസത്തിനിടെ തന്നെ രണ്ട് പേർക്ക് പരോള്‍ നല്‍കാന്‍ ശ്രമം തുടങ്ങി

Periya Double Murder Case: Accused Seek Parole, Echoing TP Case Controversy
Image: KasargodVartha File

● പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾ പരോളിന് അപേക്ഷ നൽകി.
● വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് പരോൾ അപേക്ഷ നൽകിയിരിക്കുന്നത്.
● അപേക്ഷയിൽ ജയിൽ വകുപ്പ് പൊലീസ് റിപോർട് തേടി

പെരിയ: (KasargodVartha) ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് ലഭിച്ചത് പോലെ പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളും കൂട്ടത്തോടെ പരോളിലിറങ്ങാൻ സാഹചര്യം ഒരുങ്ങുന്നു. പെരിയ ഇരട്ടക്കൊലപാതക കേസില്‍ പരോളിനായി ഇരട്ട ജീപര്യന്തം ശിക്ഷ ലഭിച്ച രണ്ട് പ്രതികള്‍ അപേക്ഷ നല്‍കി. എട്ടാം പ്രതി എ സുബീഷും, 15-ാം പ്രതി സുരേന്ദ്രനുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിൽ അധികൃതർക്ക് പരോൾ അപേക്ഷ നല്‍കിയത്.

ജയിൽ അധികൃതരുടെ റിപോർടോടെ ജയിൽ ഉപദേശക സമിതിയുടെ പരിഗണനയിലേക്കും അവിടെ നിന്ന് ആഭ്യന്തര വകുപ്പിൻ്റെ അനുമതിയും അതിവേഗം ലഭിക്കുന്നതോടെ പ്രതികൾ പുറത്തിറങ്ങുന്ന നടപടി പൂർത്തിയാകും. കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നരമാസം തികയും മുന്‍പാണ് പ്രതികൾ പരോൾക്ക് അപേക്ഷ നൽകിയിറക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞാണ് പ്രതികൾ പരോളിന് അപേക്ഷ നല്‍കിയിരിക്കുന്നത്. 

അപേക്ഷയില്‍ ജയില്‍ അധികൃതര്‍ പൊലീസിന്റെ റിപോർട് തേടിയതോടെയാണ് രഹസ്യമായി നടത്തിയ പരോൾ അപേക്ഷയെ കുറിച്ചുള്ള വിവരം പുറത്തായത്. ബേക്കല്‍ പൊലീസ് പെട്ടന്ന് തന്നെ പ്രാഥമിക റിപോർട് ജയിൽ വകുപ്പിന് അയച്ചുകൊടുക്കും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രതികൾ നൽകിയ പരോളിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാവുക. 

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികൾക്ക് ഒന്നാം പിണറായി സര്‍കാര്‍ അധികാരമേറ്റതുമുതല്‍  1000 ദിവസത്തിലേറെ പരോള്‍ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ആറ് പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ നല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ പറഞ്ഞിരുന്നു. കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, അണ്ണന്‍ സജിത്ത് എന്നിവര്‍ക്കാണ് 1000 ദിവസത്തിലേറെ പരോള്‍ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078  എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്.

ടി കെ രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിര്‍മാണി മനോജിന് 851, എം സി അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 എന്നിങ്ങനെയാണ് പരോള്‍ ലഭിച്ച ദിവസങ്ങൾ. കൊടി സുനിക്ക്  60 ദിവസം മാത്രമാണ്  പരോള്‍ അനുവദിച്ചത്. എമര്‍ജന്‍സി ലീവ്, ഓര്‍ഡിനറി ലീവ്, കോവിഡ് സ്‌പെഷ്യല്‍ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് ടി പി കേസിലെ പ്രതികൾക്ക് പരോള്‍ ലഭിച്ചത്. മനുഷ്യാവകാശ കമീഷന്റെ നിര്‍ദേശ പ്രകാരം കൊടി സുനിക്ക് ഒരു മാസം പരോള്‍ അനുവദിച്ചതും അടുത്തിടെ ചർച്ചയായിരുന്നു. 

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളും സമാനമായ രീതിയിൽ ഇനി മിക്ക ദിവങ്ങളിലും ജയിലിന് പുറത്ത് തന്നെയായിരിക്കുമെന്ന വിമർശനം കോൺഗ്രസ് ഉയർത്തുന്നു. കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു.  ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ടെ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിൻ്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈകില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജീപിലെത്തിയ സംഘം ബൈക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. 

ലോകല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളുടെ ഹരജിയെ തുടർന്ന് കോടതി നിർദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്. 24 പ്രതികളില്‍ 10 പേരെ തെളിവുകളുടെ അഭാവത്തില്‍  കോടതി വെറുതെ വിട്ടിരുന്നു. പ്രതികൾക്ക് അനാവശ്യയായി പരോൾ നൽകുന്നതിനെതിരെ മരിച്ച യുവാക്കളുടെ മാതാപിതാക്കളും കോൺഗ്രസ് നേതൃത്വവും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

Two convicts in the Periya double murder case have applied for parole, raising concerns about potential abuse of the system, similar to the controversy surrounding extended paroles granted to convicts in the TP Chandrasekharan murder case. The victims' families and Congress leaders have protested against the possibility of parole for the accused.

#PeriyaMurderCase, #ParoleControversy, #TPCase, #KeralaPolitics, #Crime, #Justice

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia