city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Verdict | പെരിയ ഇരട്ടക്കൊല: ഒന്നാം പ്രതി പീതാംബരനും, മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും, ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠനും അടക്കം 14 പേർ കുറ്റക്കാർ; 10 പേരെ വെറുതെ വിട്ടു

Periya Double Murder Case: 14 Convicted
Photo: Arranged
● പെരിയ ഇരട്ടക്കൊലപാതകം 2019 ഫെബ്രുവരി 17-നാണ് നടന്നത്
● സിബിഐ അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്
● കൊച്ചി സിബിഐ കോടതിയിലാണ് വിചാരണ നടന്നത്

കൊച്ചി: (KasargodVartha) രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചി സിബിഐ കോടതിയുടെ നിർണായക വിധി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകത്തിൽ ഒന്നാം പ്രതി പീതാംബരനും, മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠനും അടക്കം 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പത്ത് പ്രതികളെ വെറുതെവിട്ടു. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

Periya Double Murder Case: 14 Convicted

എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽ കുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ എന്ന അപ്പു, സുബീഷ് എന്ന മണി, ടി രഞ്ജിത്ത് എന്ന അപ്പു, കെ മണികണ്ഠ‌ൻ, എ സുരേന്ദ്രൻ എന്ന വിഷ്‌ണു സുര, കെവി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് കുറ്റക്കാർ. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രദീപ് കുട്ടൻ, ബി. മണികണ്ഠൻ, എൻ ബാലകൃഷ്‌ണൻ, എ മധു എന്ന ശാസ്‌ത മധു, റെജി വർഗീസ്, എ. ഹരിപ്രസാദ്, പി രാജേഷ്, വി ഗോപകുമാർ, പി വി സന്ദീപ് എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 

2019 ഫെബ്രുവരി 17-ന് രാത്രി ഏഴരയോടെയാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്. പെരിയ കല്യോട്ട് കൂരാങ്കര റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് തുടക്കം മുതലേ ആരോപണമുയർന്നിരുന്നു. സംഭവത്തെ തുടർന്ന് ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ഹൈകോടതിയെ സമീപിച്ചു.

ഹൈകോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ സംസ്ഥാന സർകാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ചും പിന്നീട് സുപ്രീം കോടതിയും തള്ളിയതോടെ കേസിന്റെ അന്വേഷണ ചുമതല സിബിഐക്ക് ലഭിച്ചു. സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 

ഒന്നാം പ്രതിയായ സിപിഎം പെരിയ മുൻ ലോകൽ കമിറ്റിയംഗം എ പീതാംബരൻ, ഉദുമ മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റും ഉദുമ മുൻ ഏരിയ സെക്രടറിയുമായ കെ മണികണ്ഠൻ, പെരിയ മുൻ ലോകൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ, പാക്കം മുൻ ലോകൽ സെക്രടറി രാഘവൻ വെളുത്തോളി എന്നിവർ ഉൾപ്പെടെ 24 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. 

എ പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 10 പേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്തത്. 2021 ഡിസംബർ മൂന്നിന് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2023 ഫെബ്രുവരി രണ്ടിന് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു. 292 സാക്ഷികളുള്ള കേസിൽ 154 പേരെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണു കേസിൽ വിധി വന്നത്. ജഡ്‌ജ്‌ കെ കുമനീസ് സ്ഥലം മാറിപ്പോയതിനെ തുടർന്ന് പുതുതായി എത്തിയ ജഡ്‌ജ്‌ ശേഷാദ്രിനാഥാണ് വിധി പ്രസ്താവിച്ചത്. 

സിബിഐ പ്രോസിക്യൂടർ ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനായ കെ പത്മനാഭൻ എന്നിവർ പ്രോസിക്യൂഷന് വേണ്ടിയും കെപിസിസി മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ സിപിഎം. സഹയാത്രികനുമായ സി കെ ശ്രീധരൻ, നിക്കോളാസ് ജോസഫ്, സോജൻ മൈക്കിൾ, അഭിഷേക് എന്നിവർ പ്രതിഭാഗത്തിന് വേണ്ടിയും കോടതിയിൽ ഹാജരായി. വിധി പ്രസ്താവിക്കുന്ന സാഹചര്യത്തിൽ കാസർകോട്  ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

#PeriyaMurderCase #CBIVerdict #KeralaPolitics #JusticeServed #PoliticalViolence #Kasaragod

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia