ഒരു മാല വേണമെന്ന് ചോദിച്ചെത്തി; ഒടുവിൽ കടന്നത് 49 പവനുമായി, തോക്ക് ചൂണ്ടിയിട്ടും പതറാതെ കവർച്ചക്കാരെ കസേരയെടുത്ത് നേരിട്ട് യുവതി
● ജ്വല്ലറിയിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽവാസി കല്ലെറിഞ്ഞ് കവർച്ചക്കാരുടെ കാറിൻ്റെ പിൻചില്ല് തകർത്തു
● അക്രമികൾ ഉപയോഗിച്ചത് പിസ്റ്റൾ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു; ജ്വല്ലറി ചുമരിൽ തറച്ച വെടിയുണ്ടയും കെയ്സും കണ്ടെടുത്തു
● കോട്ടായി, കൊല്ലങ്കോട് വഴി പൊള്ളാച്ചിയിൽ നിന്ന് പഴനി ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി
● ചെന്നൈ സ്വദേശിയുടെ പേരിലുള്ള കാറിലെത്തിയ സംഘത്തിനായി കേരള-തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി
പാലക്കാട്: (KasargodVartha) പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ജ്വല്ലറിയിൽ പട്ടാപ്പകല്‍ കവർച്ച നടന്നത് 10 മിനിറ്റിനുള്ളില്‍. 'ഹമേ ഏക് മാല ചാഹിയേ...' (ഞങ്ങൾക്ക് ഒരു മാല വേണം) എന്ന് ചോദിച്ചെത്തിയ സംഘം ഒടുവിൽ 49 പവനുമായി നിമിഷനേരം കൊണ്ടാണ് കടന്നുകളഞ്ഞത്.
വെള്ളിയാഴ്ച (27.11.2026) ഉച്ചയ്ക്ക് 2.30-ന് കടയിലേക്ക് വന്ന മൂന്ന് അക്രമികളും ടീഷർട്ടാണ് ധരിച്ചിരുന്നത്. അരയിൽ തോക്ക് ഒളിപ്പിച്ചിരുന്നയാൾ ജാക്കറ്റും ധരിച്ചിരുന്നു. കവർച്ചയ്ക്കിടെ, 'ബോലോഗേ തോ മാർ ഡാലേംഗേ...' (മിണ്ടിയാൽ കൊന്നുകളയും) എന്ന് ഒരാൾ ഹിന്ദിയിൽ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു. കവർച്ചയ്ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്ക് കാറിൽ രക്ഷപെട്ട കവർച്ചാ സംഘത്തിനായി പൊലീസ് തിരച്ചിൽ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളിൽ തോക്കു ചൂണ്ടുന്നതും കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും കാണാം. ഉടമ സനാദിൻ്റെ വീടിനോടു ചേർന്നാണ് ഇഷാൻ ജ്വല്ലറി. സനാദും ഭാര്യ ദിവ്യയ്ക്കും പുറമേ രണ്ടു ജീവനക്കാർ കൂടി ആ സമയം കടയിൽ ഉണ്ടായിരുന്നു.
കാറിൻ്റെ ചില്ല് തകർത്ത് അയൽവാസി
ജ്വല്ലറിയിൽ നിന്ന് നിലവിളി കേട്ടെത്തിയ അയൽവാസി എം കുഞ്ഞുമുഹമ്മദ്, കാറിൽ കയറിയ കവർച്ചാ സംഘം അമിതവേഗത്തിൽ ഓടിച്ചുപോകുന്നത് കണ്ടു. ഉടനെ കല്ലെടുത്ത് എറിഞ്ഞ് കാറിൻ്റെ പിൻവശത്തെ ചില്ല് തകർത്തു. പിന്നാലെ കുഞ്ഞുമുഹമ്മദും പിതാവ് എം ഹനീഫ, അയൽവാസി കെ വിജയൻ എന്നിവരും ഏതാനും സ്ത്രീകളും കാറിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.
തോക്കിന് മുന്നിൽ ഭയക്കാതെ വിദ്യ
തൻ്റെ നേർക്ക് തോക്ക് ചൂണ്ടിയിട്ടും പതറാതെ കസേര എടുത്ത് അടിച്ച് കവർച്ചാ സംഘത്തെ ആദ്യം നേരിട്ടത് വിദ്യയാണ്. പിന്നെ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് സംഘത്തെ നേരിട്ടു. സംഘത്തിലുള്ള ഒരാൾ കത്തി എടുത്ത് വിദ്യയ്ക്ക് നേരെ വീശിയെങ്കിലും സ്വർണം സൂക്ഷിക്കുന്ന പെട്ടിയെടുത്ത് തടുത്തു. ഇതോടെ ഭർത്താവ് സനാദിനും ജീവനക്കാർക്കും ധൈര്യമായി. അവരും കയ്യിൽ കിട്ടിയതെല്ലാം എടുത്ത് സംഘത്തെ നേരിട്ടു.
'ഭയന്നു നിന്നിരുന്നെങ്കിൽ കൂടുതൽ സ്വർണം നഷ്ടമാകുമായിരുന്നു. വായ്പയെടുത്താണ് ജ്വല്ലറി തുടങ്ങിയത്. ഒട്ടേറെ കഷ്ടപ്പെട്ടാണ് ഇത്രവരെ എത്തിച്ചത്. എല്ലാം കൈവിട്ടു പോകുമെന്ന് ഓർത്തപ്പോൾ ഭയം തോന്നിയില്ല' - വിദ്യ പറയുന്നു. 12 വർഷമായി വീടിനോട് ചേർന്ന് ജ്വല്ലറി നടത്തുകയാണെന്നും ആദ്യമായാണ് കവർച്ചാശ്രമമെന്നും സനാദ് പറയുന്നു.
ഉപയോഗിച്ചത് പിസ്റ്റൾ; സംഘം കടന്നത് പഴനിയിലേക്ക്
കവർച്ചാസംഘം ഉപയോഗിച്ചത് പിസ്റ്റൾ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ജ്വല്ലറിയിലെ ചുമരിൽ തറച്ച വെടിയുണ്ടയും കെയ്സും പോലീസ് കണ്ടെത്തി.
കവർച്ചാസംഘം പെരിങ്ങോട്ടുകുറിശ്ശിയിൽ നിന്ന് കടന്നത് കോട്ടായി - കുഴൽമന്ദം - ആലത്തൂർ - കൊല്ലങ്കോട് - ഗോവിന്ദാപുരം വഴി പൊള്ളാച്ചിയിലേക്കാണ്. അവിടെനിന്ന് പഴനി ഭാഗത്തേക്ക് പോയെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വ്യക്തമായത്. പോലീസ് സംഘം പഴനിയിലേക്ക് പോയിട്ടുണ്ട്. തമിഴ്നാട് പോലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്.
ഹിന്ദി സംസാരിക്കുന്നവർ ആണെങ്കിലും പ്രാദേശിക റൂട്ട് വ്യക്തമായി അറിയാവുന്നവരാണ് ഇവരെന്നാണ് പോലീസിൻ്റെ നിഗമനം. ചെന്നൈ സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കവർച്ചയ്ക്ക് മുൻപ് പ്രദേശത്ത് കൃത്യമായ ആസൂത്രണവും നിരീക്ഷണവും സംഘം നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ സനാദിൻ്റെ ഇളയ മകൻ കണ്ടു
സനാദിൻ്റെ ഇളയ മകൻ ഇഷാൻ സ്കൂൾ വിട്ടു വരുന്നതിനിടെ കവർച്ചാസംഘത്തെ കണ്ടു. പ്ലസ് വൺ വിദ്യാർഥിയായ ഇഷാൻ ഉച്ചയ്ക്ക് 1.30-ഓടെ വീട്ടിലേക്ക് വരുന്ന വഴിയാണ് ജ്വല്ലറിയുടെ ഏതാണ്ട് 100 മീറ്റർ അകലെ ഒഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. കാറിൽ നാല് പേരുണ്ടായിരുന്നതായും ഇഷാൻ പോലീസിനോട് പറഞ്ഞു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: An armed four-member gang loots 49 pavans of gold from a Peringottukurissi jewellery in 10 minutes as owner's wife Vidya resists with a chair and a neighbour smashes their getaway car's rear glass; police trace the gang toward Palani.
#PalakkadNews #Peringottukurissi #JewelleryRobbery #KeralaPolice #CrimeNews #TamilNaduPolice #MalayalamNews #RenuNews






