Chain Snatch | കാസർകോട്ട് വീണ്ടും ഇരുചക്രവാഹനത്തിലെത്തി മാലമോഷണം; നടന്നുപോവുകയായിരുന്ന വീട്ടമ്മയെ തള്ളിയിട്ട് ആഭരണവുമായി കടന്നുകളഞ്ഞു
* ഒറ്റയ്ക്ക് നടന്നുപോവുന്ന സ്ത്രീകളെയാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്
ബദിയഡുക്ക: (KasargodVartha) കാസർകോട് ജില്ലയിൽ വീണ്ടും ഇരുചക്രവാഹനത്തിലെത്തി മാലമോഷണം. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും മരുന്ന് വാങ്ങി റോഡിൽ കൂടി നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ ഒന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്ടാവ് കഴുത്തിൽ നിന്ന് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
ശനിയാഴ്ച രാവിലെ 11.30 മണിയോടെ എൻമകജെ ഗ്രാമപഞ്ചായതിനടുത്തുള്ള പെർള ബജകുഡ്‌ലു റോഡിലാണ് സംഭവം. ഷേണി മനങ്കല്ല ഹൗസിലെ കുഞ്ഞി നായികിന്റെ ഭാര്യ സുലോചനയുടെ (54) മാലയാണ് കവർന്നത്. ബജകുഡ്‌ലു ഭാഗത്തു നിന്നും മോടോർസൈകിളിൽ വന്നയാൾ മാല വലിച്ച് പൊട്ടിച്ചു കവർന്ന ശേഷം സുലോചനയെ കഴുത്തിന് പിടിച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും അടുത്തകാലത്തായി സമാന രീതിയിലുള്ള മോഷണം പതിവായിട്ടുണ്ട്. ഒറ്റയ്ക്ക് നടന്നുപോവുന്ന സ്ത്രീകളെയാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പിന്നിലുള്ളവരെ കണ്ടെത്താൻ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.