Family Dispute | അനുജന്റെ കൂട്ടുകെട്ടിനെ കുറിച്ച് അന്വേഷിച്ച സഹോദരനെ മര്‍ദിച്ചതായി പരാതി; പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്

● 'ആക്രമണം തടയാനെത്തിയ പിതൃസഹോദരന്റെ തലയടിച്ചു പൊട്ടിച്ചു'.
● അടൂര്‍ മണ്ണടിയിലെ സംഭവത്തില്‍ 2 പേരെ അറസ്റ്റ് ചെയ്തു.
● കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഏനാത്ത് പൊലീസ്.
പത്തനംതിട്ട: (KasargodVartha) അനുജന്റെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത സഹോദരനെ മര്‍ദിച്ചതായി പരാതി. ജ്യേഷ്ഠനെ അനുജനും കൂട്ടുകാരും ചേര്‍ന്നുള്ള അഞ്ചംഗസംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണം തടയാനെത്തിയ പിതാവിന്റെ സഹോദരനും മര്‍ദനമേറ്റതായി പരാതിയില്‍ പറയുന്നു. അടൂര്‍ മണ്ണടിയിലെ അജിത്, പിതൃസഹോദരനായ സുനീഷ് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സംഭവത്തെ കുറിച്ച് ഏനാത്ത് പോലീസ് പറയുന്നത്: പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അനുജനായ അഖിലിന്റെ കൂട്ടുകെട്ടിനെ കുറിച്ച് അജിത് അന്വേഷിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ അഖില്‍ കൂട്ടുകാരെയും കൂട്ടിയെത്തി ജ്യേഷ്ഠനായ അജിത്തിനെ മര്‍ദിക്കുകയായിരുന്നു.
മാര്‍ച്ച് ഒന്നാം തീയതി ഇവരുടെ വീടിന് സമീപത്തായിരുന്നു സംഭവം. അടിപിടി കണ്ട് ആക്രമണം തടയാനെത്തിയ അജിത്തിന്റെ പിതൃസഹോദരന്‍ സുനീഷിനെയും പ്രതികള്‍ ആക്രമിച്ചു. വാഹനത്തിന്റെ ഷോക്ക് അബ്സോര്‍ബര്‍ ഉപയോഗിച്ചാണ് സുനീഷിന്റെ തലയ്ക്കടിച്ചത്. അടിയേറ്റ് തലപൊട്ടിയതോടെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ എട്ടുതുന്നലിടേണ്ടിവന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.
Elder brother attacked for questioning younger brother's company. Five people, including minors, booked. Two arrested. Paternal uncle also injured in the assault.
#FamilyDispute, #AssaultCase, #MinorInvolvement, #Pathanamthitta, #Crime, #PoliceAction