Identification | തളങ്കര ഹാർബറിൽ കണ്ടെത്തിയ മൃതദേഹം പെയിന്റിംഗ് തൊഴിലാളിയുടേത്
● മരിച്ചത് ഉത്തർപ്രദേശ് സ്വദേശിയായ അമർദേവ് (33).
● നെല്ലിക്കുന്നിൽ താമസിക്കുന്ന പെയിന്റിംഗ് തൊഴിലാളിയാണ്.
● സുഹൃത്തിന്റെ വീട്ടിൽ നിന്ന് രാത്രി പോയ ശേഷം കാണാതായി.
കാസർകോട്: (KasargodVartha) തളങ്കര ഹാർബറിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം പെയിന്റിങ് തൊഴിലാളിയായ യുവാവിൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നെല്ലിക്കുന്നിൽ താമസിക്കുന്ന ഉത്തർപ്രദേശ് ഖോരക്പൂർ സ്വദേശി അമർദേവ് (33) ആണ് മരിച്ചത്. രാവിലെ 9.30 ഓടെ മീൻപിടുത്ത തൊഴിലാളികളാണ് ഹാർബറിലെ പാലത്തിനടിയിൽ മൃതദേഹം കണ്ടെത്തിയത്.
ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ നിന്ന് ആധാർ കാർഡ് കണ്ടെടുത്തിരുന്നു. ഈ രേഖയാണ് മരിച്ചയാളെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. പിന്നീട് അമർദേവിൻ്റെ സുഹൃത്തുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
അന്വേഷണത്തിൽ, അമർദേവ് മൂന്ന് മാസം മുമ്പാണ് നാട്ടിൽ നിന്ന് വന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം, ചെമനാട് താമസിക്കുന്ന ഒരു സുഹൃത്ത് നാട്ടിൽ നിന്ന് വന്ന വിവരമറിഞ്ഞ് അമർദേവ് അയാളെ കാണാൻ പോയിരുന്നു. അവിടെ നിന്ന് രാത്രി 12 മണിയോടെ പോകുന്നുവെന്ന് പറഞ്ഞ് അമർദേവ് പുറത്തേക്ക് പോയതായി വിവരമുണ്ട്.
സുഹൃത്ത് രാത്രിയിൽ പുറത്ത് പോകുന്നത് തടഞ്ഞെങ്കിലും അമർദേവ് പോവുകയായിരുന്നുവെന്ന് പറയുന്നു. അതിനുശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഹാർബറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർടം റിപോർട് ലഭിച്ച ശേഷം മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന് ഭാര്യയും അഞ്ച് മക്കളുമുണ്ട്.
#Thalankara #Kasaragod #Death #AmarDev #Kerala #Poli