ഓപ്പറേഷൻ തൂഫാൻ: 13 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കടത്ത് പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്നും പിടികൂടി
● പായം ഗ്രാമപഞ്ചായത്ത് പരിധിയിലെ കെ ടി ജോസിനെയാണ് ആന്ധ്രാപ്രദേശിൽ നിന്നും പിടികൂടിയത്
● 'കൊറ ജോഷ് ബാബു' എന്ന വ്യാജപ്പേരിൽ അതിർത്തി ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തിവരികയായിരുന്നു പ്രതി
● 2012-ൽ എട്ട് കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു
● മാതാവിൻ്റെയും സഹോദരൻ്റെയും മരണത്തിന് പോലും നാട്ടിലെത്താത്തതിനാൽ പ്രതി മരിച്ചെന്ന് കരുതിയിരുന്നു
● കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സാഹസികമായി പ്രതിയെ പിടികൂടിയത്
കണ്ണൂർ: (KasargodVartha) പിടികിട്ടാപ്പുള്ളികളെ കണ്ടെത്താനായി ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിൽ ലഹരിക്കടത്ത് പ്രതി അറസ്റ്റിലായി.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കടത്ത് കേസുകളിൽ പ്രതിയായി 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂര്‍ പായം ഗ്രാമപഞ്ചായത്ത് പരിധിയിലെ കെ ടി ജോസിനെയാണ് (56) ആന്ധ്രാപ്രദേശിൽ നിന്ന് പിടികൂടിയത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രാപ്രദേശിൽ 'കൊറ ജോഷ് ബാബു' എന്ന പേരിൽ കഴിഞ്ഞുവരികയായിരുന്നു ഇയാൾ. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം പ്രത്യേക സംഘം നടത്തിയ നീക്കത്തിലാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
മരിച്ചെന്ന് കരുതിയ പ്രതി; ചിക്കൻ ഫാം നടത്തി ഒളിവ് ജീവിതം
2012-ൽ ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ മട്ടിണിയിലുള്ള ജോസ് താമസിച്ചിരുന്ന വീട്ടിൽ നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ നാടുവിടുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയിട്ടും ഇയാളെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ജോസ് ഒരിക്കൽപ്പോലും നാട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്വന്തം മാതാവിൻ്റെയും സഹോദരൻ്റെയും മരണസമയത്ത് പോലും ഇയാൾ നാട്ടിലെത്തിയിരുന്നില്ല. ഇതോടെ ഇയാൾ മരണപ്പെട്ടിരിക്കാമെന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
അന്വേഷണവും അറസ്റ്റും
2012-ൽ ഒളിവിൽ പോകുന്നതിന് മുൻപ് ജോസ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളെക്കുറിച്ചും ഇയാളുടെ സുഹൃത്തുക്കളെക്കുറിച്ചും സംഘം അന്വേഷണം നടത്തി. ഇതിലൂടെ ഇയാൾ വയനാട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ വിവിധ കാലയളവുകളിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സംഘം ആന്ധ്രാപ്രദേശിലേക്ക് എത്തിയത്.
ആന്ധ്രാപ്രദേശ്–ഒഡീഷ അതിർത്തിയിലെ ഒരു ഗ്രാമത്തിൽ ചിക്കൻ ഫാം നടത്തി താമസിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. 'കൊറ ജോഷ് ബാബു' എന്ന പേരിൽ ആന്ധ്ര സ്വദേശിയായി കഴിഞ്ഞുവരുന്നയാൾ കെ ടി ജോസ് തന്നെയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പിടിക്കപ്പെടാതിരിക്കാനായി പേരും വിലാസവും മാറ്റി വർഷങ്ങളായി അവിടെ താമസിച്ചുവരികയായിരുന്നു ഇയാൾ.
തുടർന്ന് അതിർത്തിയിലെ ഗ്രാമത്തിലെത്തി രഹസ്യമായി നിരീക്ഷണം നടത്തിയ ശേഷം പ്രതി താമസിച്ചിരുന്ന വീട് വളഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, പ്രതി കുറ്റസമ്മതം നടത്തി.
ആറ് കേസുകളിൽ പിടികിട്ടാപ്പുള്ളി
കണ്ണൂർ റേഞ്ച് ഡിഐജി കെ കാർത്തിക്കിൻ്റെ മേൽനോട്ടത്തിലും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുമാണ് ഈ അന്വേഷണം നടന്നത്. പിടിയിലായ കെ ടി ജോസ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ആറ് കേസുകളിൽ പിടികിട്ടപ്പുള്ളിയാണ്. കണ്ണൂർ ടൗൺ, തലശ്ശേരി, ഇരിട്ടി, ഉളിക്കൽ, പാലക്കാട് ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്ക് കഞ്ചാവ് കടത്ത് കേസുകളിൽ വാറൻ്റ് നിലവിലുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നാർക്കോട്ടിക് സെൽ എസിപി വി വി മനോജ്, കണ്ണൂർ എസിപി എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐമാരായ വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവർ പങ്കെടുത്തു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Fugitive K T Jose arrested from Andhra Pradesh after 13 years under Operation Toofan.
#OperationToofan #KannurPolice #KeralaPolice #DrugBust #CrimeNewsMalayalam #RenuNews






