Trading Scam | ഓൺലൈൻ ട്രേഡിംഗ് ആപ് വഴി യുവതിയുടെ 41 ലക്ഷം രൂപ തട്ടിയെടുത്തു
കാസർകോട്: (KasargodVartha) ഓൺലൈൻ ട്രേഡിംഗിലൂടെ വൻതുക ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി വാട്‌സ്ആപിൽ ആപ് ലിങ്ക് അയച്ചു യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. ചെറുവത്തൂർ കൊവ്വൽ റോഡിലെ നെസ്റ്റ് ഹൗസിലെ ബുശ്റ ശബീറിൻ്റെ പരാതിയിലാണ് കേസ്.
കഴിഞ്ഞ നവംബർ മാസം മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിൽ ഓൺലൈൻ ട്രേഡിംഗിൽ ലാഭവിഹിതം വാഗ്ദാനം നൽകിയ പ്രതികൾ പരാതിക്കാരിയുടെ ബാങ്ക് അകൗണ്ട് വഴി വിവിധ അകൗണ്ടുകളിലേക്ക് പലതവണകളായി 41 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ലാഭവിഹിതമോ നിക്ഷേപതുകയോ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് യുവതി സൈബർ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
ഒരു മാസം മുമ്പ് പനയാൽ സ്വദേശിയായ മർചൻ്റ് നേവി ഉദ്യോഗസ്ഥനായ ബി പി കൈലാസിൻ്റെ 1.94 കോടി ട്രേഡിംഗ് ആപ് സംഘം തട്ടിയെടുത്ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ചെറുവത്തൂരിലെ യുവതിക്കും 41 ലക്ഷം നഷ്ടമായത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
* ഓൺലൈൻ ട്രേഡിംഗ് വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കുക.
* അറിയാത്ത ആളുകളിൽ നിന്നുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്.
* നിക്ഷേപം നടത്തുന്നതിന് മുമ്പ് വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക.
* സംശയം തോന്നിയാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുക.