Arrest | 'ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് റാകറ്റിലെ മുഖ്യപ്രതിയെ കാഞ്ഞങ്ങാട്ട് വെച്ച് പിടികൂടി'; പിന്നിൽ വൻ മാഫിയയെന്ന് പൊലീസ്
കാഞ്ഞങ്ങാട്: (KasargodVartha) ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് റാകറ്റിലെ മുഖ്യപ്രതിയെ കാഞ്ഞങ്ങാട്ട് വെച്ച് പിടികൂടിയതായി പൊലീസ് അറിയിച്ചു. ട്രേഡിംഗ് തട്ടിപ്പിന് പിന്നിൽ കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മാഫിയ തന്നെയുണ്ടെന്ന് പൊലീസ് കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. കൊല്ലം റൂറല്‍ സൈബര്‍ പൊലീസ് സംഘം കാഞ്ഞങ്ങാട്ടെത്തി ഹൊസ്ദുർഗ് പൊലീസിൻ്റെ സഹായത്തോടെയാണ് മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റശ്ഫാൽ (22) ആണ് അറസ്റ്റിലായത്.
കൊല്ലം അഞ്ചൽ സ്വദേശിയും മഹാരാഷ്ട്ര സൗസ്തിക് നഗറിൽ താമസക്കാരനുമായ ഇടമുയകൽ ബൈജു ഭവനിൽ കെ ഇ ജോന്നിന്റെ മകൻ ബോബൻ ജോൺ (53) നൽകിയ പരാതിയിലാണ് ട്രേഡിങ്ങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ ആറിന് ബോബന്റെ ഭാര്യയുടെ വാട്‍സ് ആപ് അകൗണ്ടിലേക്ക് മാത്യു ബ്രാഡ്‌ലി പ്രൊഫെർ ക്ലബ് ഗ്രൂപിൽ അംഗം ആക്കുകയും ചാറ്റിംഗിലൂടെ നല്ല മികച്ച ലാഭം ഉണ്ടാക്കാം എന്ന് പറഞ്ഞ് പ്ലെയ്സ്റ്റോർ വഴി ട്രേഡിങ്ങ് ആപ് (GS-AstMgmt) ഡൗൺലോഡ് ചെയ്‌പിച്ച് 13 ലക്ഷം രുപയോളം തട്ടിയെടുത്തു എന്നാണ് കേസ്. നയന എന്ന യുവതിയുടെ പേരിലാണ് വാട്‍സ് ആപ് അകൗണ്ടിൽ നിന്നും സന്ദേശം വന്നത്.
വിവിധ കംപനികളുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്‌സ് (IPO) അലോട്മെന്റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്തി ലാഭം ഉണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ തട്ടിയെടുത്തതെന്നാണ് പറയുന്നത്. ബാങ്ക് അകൗണ്ടുകള്‍ തരപ്പെടുത്തി ചെക് മുഖേനെയാണ് പണം പിന്‍വലിച്ചത്. റശ്ഫാലിന്റെ അകൗണ്ട് വഴിയാണ് പണം പിൻവലിച്ചതെന്ന് കൊല്ലം റൂറല്‍ സൈബര്‍ പൊലീസ് പറഞ്ഞു. യുവാവ് പിന്നീട് പണം ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ക്ക് എത്തിച്ചു കൊടുത്തുവെന്നും പൊലീസ് അനേഷണത്തിൽ കണ്ടെത്തി.
കാസർകോട്ടുകാരായ മറ്റു കൂട്ടുപ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപിച്ചിട്ടുണ്ടെന്ന് കൊല്ലം റൂറല്‍ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടർ വി വി അനില്‍കുമാര്‍ കാസർകോട് വാർത്തയുടെ പറഞ്ഞു. അറസ്റ്റിലായ റശ്ഫാലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇൻസ്‌പെക്ടറെ കൂടാതെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയേഷ് ജയപാല്‍, സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ്, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ഹൊസ്ദുർഗ് പൊലീസിന്റെ സാഹത്തോടെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പ്രാഥമിക അന്വേഷണത്തില്‍ 13 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം വഴി ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
#OnlineScam #Cybercrime #KeralaPolice #Arrest #FraudAlert #InvestmentScam