Complaint | കാസർകോട് സ്വദേശിയായ ഓൺലൈൻ ടാക്സി ഡ്രൈവറെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രീ പെയ്‌ഡ് ടാക്‌സിക്കാർ ക്രൂരമായി മർദിച്ചതായി പരാതി
പരാതി നൽകിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണം
കൊച്ചി: (KasaragodVartha) കാസർകോട് സ്വദേശിയായ ഓൺലൈൻ ടാക്സി ഡ്രൈവറെ നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രീ-പെയ്‌ഡ് ടാക്സി ഡ്രൈവർമാർ ക്രൂരമായി മർദിച്ചതായി പരാതി. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തെ കുറിച്ച് പരാതി നൽകിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയർന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഓൺലൈൻ ടാക്സി ഡ്രൈവറായ കാസർകോട് ചട്ടഞ്ചാൽ സ്വദേശി റാശിദിനെ (24) മർദനത്തിന് ഇരയാക്കിയെന്നാണ് പരാതി.
യുവാവ് പറയുന്നത് ഇങ്ങനെ: 'ഓൺലൈൻ ബുകിങ് ലഭിക്കുന്നതിനായി വിമാനത്താവളത്തിനകത്തേക്ക് കയറുകയും പാർകിംഗ് നിരക്കായ 100 രൂപയും നൽകി കാർ പാർക് ചെയ്യുകയുമായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് ഓൺലൈൻ വഴി ട്രിപ് ലഭിക്കുകയും യാത്രക്കാരനെ കൂട്ടാൻ നിശ്ചിച്ച സ്ഥലത്ത് എത്തുകയും ചെയ്തു. അതേസമയം അവിടെയുണ്ടായിരുന്ന വിമാനത്താവളത്തിലെ പ്രീ-പെയ്‌ഡ് ടാക്സി ഡ്രൈവർമാർ യാത്രക്കാരന് പകരം വണ്ടിയിൽ കയറി. ഉള്ളിൽ ഒരുപാട് സമയം പാർക് ചെയ്ത് ട്രിപ് എടുക്കാൻ പാടില്ല എന്നും എടുത്ത് കഴിഞ്ഞാൽ കൊല്ലുമെന്നും അവർ ഭീഷണിപ്പെടുകയും ചെയ്തു.
ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് വണ്ടിയുടെ സീറ്റ് ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിക്കുകയും ശ്വാസം പോകുന്ന രീതിയിൽ ഉപദ്രവിക്കുകയും ചെയ്തു. ശ്വാസം പോയ അവസ്ഥയിലായപ്പോൾ ചെവിയിലേക്കും തലയിലേക്കും മുഷ്ടി കൊണ്ട് ഇടിച്ച് കർണപുടം പൊട്ടുന്ന രീതിയിൽ ആക്രമിക്കുകയുമായിരുന്നു. ഇതുകൂടാതെ വണ്ടി എടുത്ത് പോകാതിരിക്കാൻ വേണ്ടി വണ്ടിയുടെ ടയറിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. വിവരം അറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ കൂട്ടുകാരനാണ് ആദ്യം ആലുവയിലും പിന്നെ കളമശേരി മെഡികൽ കോളജിലും ചികിത്സക്ക് വേണ്ടി എത്തിച്ചത്. തുടർന്ന് പുലർച്ചെ നാലു മണി വരെ ആശുപത്രിയിൽ തുടരുകയും സാമ്പത്തിക ബുദ്ധിമുട്ട് കാരണം അവിടന്ന് തിരിച്ചു വരികയുമാണ് ഉണ്ടായത്'.
തിങ്കളാഴ്ച പുലർച്ചെ ആരോഗ്യ സ്ഥിതി വീണ്ടും വഷളാവുകയും ആശുപത്രിയിൽ പോകുന്നതിന് മുന്നേ പൊലീസിൽ പരാതി കൊടുക്കാം എന്ന ഉദ്ദേശത്തോട് കൂടി നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിരുന്നതായി റാശിദും സുഹൃത്തും കാസർകോട് വാർത്തയോട് പറഞ്ഞു. സുഖമില്ലാത്ത റാശിദിനെയും കൊണ്ട് രണ്ടുമണിക്കൂറാണ് പൊലീസ് സ്റ്റേഷനിൽ തങ്ങൾ കാത്തതെന്ന് സുഹൃത്ത് കൂട്ടിച്ചേർത്തു.
അവസാനം പൊലീസിനെ കണ്ട് കാര്യമറിയിക്കുകയും തുടർന്ന് സിഐയെ കാണാനുള്ള അവസരം ലഭിക്കുകയും ചെയ്തു. സിഐ ആദ്യം തന്നെ ചോദിച്ചത് നിങ്ങൾ ഏതു നാട്ടുകാർ ആണ് എന്നാണ്. കാസർകോട്ടുകാരാണ് എന്നറിഞ്ഞതിനു ശേഷം, കാസർകോടുള്ള നിങ്ങൾക്ക് എന്ത് അധികാരമാണ് ഇവിടെ വന്ന് വണ്ടിയോടിക്കാൻ എന്നായിരുന്നു സിഐ ചോദിച്ചത്. ആരാണ് നിങ്ങൾക്ക് അനുവാദം തന്നത് എന്ന് ചോദിച്ച ഉദ്യോഗസ്ഥൻ നിങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നും പറഞ്ഞു. അതേസമയം കാറിൽ ഇരിക്കുന്ന റാശിദിനെ കാണാനോ അന്വേഷിക്കാനോ സിഐ മുതിർന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.
നിങ്ങൾ ചെയ്തത് തെറ്റാണ് എന്നും വേണമെങ്കിൽ നിങ്ങളുടെ പരാതി സ്വീകരിക്കുന്നതിന് പകരം നിങ്ങളെ ആരാണോ ആക്രമിച്ചത് അവരുടെ പരാതിയിൽ നിങ്ങൾക്കെതിരെ കേസെടുക്കാം എന്ന് സി ഐ ആക്രോഷിച്ച് മറുപടി നൽകിയെന്നും ഇരുവരും പറഞ്ഞു. കാസർകോട്ടുകാരുടെ ഓരോ വണ്ടി കണ്ടാലും വണ്ടിക്ക് 5,000 രൂപ വീതം പിഴ അടക്കാൻ എസ്ഐക്ക് സിഐ നിർദേശവും നൽകിയാതായും ഇവർ ആരോപിച്ചു. മാനുഷിക പരിഗണന പോലും തരാതെ വെറും മൃഗങ്ങളോട് പെരുമാറുന്ന രൂപത്തിലാണ് തങ്ങളോട് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെ സിഐ മുരുകൻ പെരുമാറിയതെന്നും ഇവർ കുറ്റപ്പെടുത്തി.