Arrest | എടിഎമില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കൊള്ളയടിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ
* മുത്തു കുമാരനെ തിരുച്ചിറപ്പള്ളിയിൽ വച്ച് പിടികൂടി.
* മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുന്നു.
ഉപ്പള: (KasargodVartha) ആക്‌സിസ് ബാങ്കിൻ്റെ എടിഎമിൽ നിറക്കാൻ കൊണ്ടുവന്ന 50 ലക്ഷം കൊള്ളയടിച്ച കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ മുത്തു കുമാരൻ എന്ന മുത്തു (47) വിനെയാണ് തിരുച്ചിറപ്പള്ളി രാംജി നഗറിൽ വച്ച് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാര്‍ച് 27ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയില്‍ നിന്നും വാനിന്റെ ചില്ലുപൊളിച്ച് 50 ലക്ഷം രൂപ അടങ്ങുന്ന പണപ്പെട്ടി കവര്‍ച്ച ചെയ്തത്
വാഹനത്തിന്റെ ചില്ല് നിമിഷനേരം കൊണ്ട് പൊട്ടിച്ച് കവർച്ച നടത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മംഗ്ളുറു ഭാഗത്ത് നിന്ന് വന്ന ബസില്‍ നിന്ന് ഒരു സംഘം ഉപ്പളയില്‍ ഇറങ്ങുന്ന ദൃശ്യം ലഭിച്ചിരുന്നു. ഇതേ സംഘം മംഗ്ളൂറിലെ ഒരു വാഹനത്തിന്റെ ചില്ലുപൊളിച്ച് ലാപ്‌ടോപ് കവര്‍ച്ച ചെയ്തതായും പൊലീസ് മനസിലാക്കി.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ സമാനമായ രീതിയില്‍ കവര്‍ച്ച നടത്തുന്ന സംഘമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. തമിഴ്‌നാട് തിരുട്ടുഗ്രാമം സ്വദേശികളായ മൂന്ന് പേരാണ് ഈ കവർച്ച നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരിൽ ഒരാളാണ് ഇപ്പോൾ പിടിയിലായ മുത്തുകുമാരൻ. മറ്റ് രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഉപ്പള എടിഎം കൊള്ള: ഒരു പ്രതി പിടിയിൽ, പണം അടങ്ങുന്ന ബാഗുമായി ഓടുന്ന ദൃശ്യം പുറത്ത് pic.twitter.com/xlYAbcoNKl
— Kasargod Vartha (@KasargodVartha) September 3, 2024
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേൽനോട്ടത്തിൽ, ഡിവൈഎസ്‌പി സി കെ സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ ടോൾസൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ വിശാഖ്, എഎസ്ഐമാരായ ദിനേശ് രാജൻ, സദൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.