Booked | നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മാതാവിൻ്റെ പരാതിയിൽ ഹോസ്റ്റൽ വാർഡനെതിരെ പൊലീസ് കേസെടുത്തു
● 'തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനാണ് കേസ്'.
● സംഘടനകൾ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി.
● വിദ്യാർഥികൾക്ക് ഹോസ്റ്റലിന് പുറത്ത് പോകുന്ന സമയം ദീർഘിപ്പിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) മൻസൂർ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർഥിനിയായ 19 കാരി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മാതാവ് പാണത്തൂരിലെ ഓമനയുടെ പരാതിയിലാണ് വാർഡൻ ചിറ്റാരിക്കാൽ സ്വദേശിനി രജനിക്കെതിരെ പൊലീസ് കേസെടുത്തത്.
ബിഎൻഎസ് 126, 296 (ബി) വകുപ്പ് പ്രകാരം തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തതെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. സംഭവത്തിൽ വാർഡനെ ആശുപത്രി ജോലിയിൽ നിന്നും നീക്കിയിട്ടുണ്ടെന്ന് ആശുപത്രി എംഡി ശംസുദ്ദീൻ പാലക്കി നേരത്തേ അറിയിച്ചിട്ടുണ്ട്.
വാർഡൻ വിദ്യാർഥിനികളെ മാനസികമായി പീഡിപ്പിച്ചു വന്നിരുന്നതായാണ് പ്രധാന ആരോപണം. വാർഡന്റെ പീഡനമാണ് വിദ്യാർഥിനി കടുംകൈ ചെയ്യാൻ കാരണമെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. വിദ്യാർഥികൾ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ തുടർന്ന് എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകളും യുവജസംഘടനകളും ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമാകുകയും പൊലീസ് ലാതി ചാർജ് നടത്തുകയും ചെയ്തിരുന്നു.
മാനജ്മെന്റ് പ്രതിനിധികളും വിദ്യാർഥികളുടെ പ്രതിനിധികളും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ വിദ്യാർഥിനികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ചിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഓഫീസിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന ചർച്ചയിലാണ് നഴ്സിംഗ് വിദ്യാർഥികൾക്ക് അനുകൂലമായ തീരുമാനമുണ്ടായത്.
വിദ്യാർഥികൾക്ക് ഹോസ്റ്റലിന് പുറത്ത് പോകുന്ന സമയം ദീർഘിപ്പിച്ചു. പുറത്തു പോകുന്ന സമയം ഒരാഴ്ചയിൽ രണ്ടു മണിക്കൂർ എന്നത് മൂന്ന് മണിക്കൂറാക്കും. ഒരു ദിവസം ഇടവിട്ടു വിദ്യാർഥികൾക്ക് ഫോൺ ഉപയോഗിക്കാം. വീട്ടിൽ പോകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതിന് അനുമതി നൽകണമെന്ന പൊലീസ് നിർദേശം മാനജ്‍മെന്റ് അംഗീകരിച്ചു.
ഹോസ്റ്റലിൽ താമസിച്ചു തന്നെ പഠിക്കണമെന്ന് നിർബന്ധമില്ല. ഹോസ്റ്റലിൽ താമസിക്കാതെ തന്നെ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാനും തീരുമാനമായി. ഹോസ്റ്റലിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്ന കാര്യത്തിലും നടപടിയുണ്ടാകും. വിദ്യാർഥി യുവജന സംഘടന പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു.
#NursingStudent #Kasargod #LifeThreateningAttempt #StudentProtest #PoliceCase #KeralaNews