Mystery | കൊല്ലത്തെ നഴ്‌സിന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്; ആശുപത്രി അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം
അനുജത്തി സ്വയം ജീവനൊടുക്കിയതെല്ലെന്നും, ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും, മരണം കൊലപാതകമാണെന്നും സഹോദരി
ബന്തിയോട്: (KasargodVartha) സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് പിതാവ് കോമള രാജനും സഹോദരി ശ്രുതിയും ആരോപിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കൊല്ലത്ത് നിന്നും ബന്ധുക്കൾ ബന്തിയോട് എത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സായ കൊല്ലം തെന്മല ഉരുക്കുളം സ്മൃതി ഭവനിൽ എസ് കെ സ്മൃതിയെ (20) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസമായി സ്മൃതി സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് ട്രെയിനിയായി പ്രവർത്തിച്ച് വരികയായിരുന്നു.
ഞായറാഴ്ച രാത്രിയിലെ ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെയാണ് സ്മൃതി ഹോസ്റ്റൽ മുറിയിലെത്തിയത്. ഒപ്പം താമസിക്കുന്ന മറ്റ് രണ്ട് നഴ്‌സുമാർ രാവിലെ ജോലിക്ക് പോയതായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ, കൂടെ ജോലി ചെയ്യുന്ന മറ്റ് രണ്ട് നഴ്‌സുമാർ രാത്രി ജോലി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു. ഹോസ്റ്റലിന്റെ ഒന്നാമത്തെ നിലയിലെ മുറിയിൽ സ്റ്റീൽ കൊണ്ടുണ്ടാക്കിയ കട്ടിലിന്റെ മുകളിലത്തെ കമ്പിയിൽ ഷോൾ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ആശുപത്രിയിലെത്തിയ രോഗിക്ക് പാരസെറ്റമോൾ ഗുളികയും കുത്തിവെപ്പും നൽകാൻ ഡോക്ടർ സ്മൃതിയോട് പറഞ്ഞിരുന്നതായി ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഒന്ന് മാത്രം നൽകിയതിനെ തുടർന്ന് ഡോക്ടർ സ്മൃതിയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നതായും ഇതിന്റെ വിഷമം കൊണ്ടാകാം പെൺകുട്ടി കടുംകൈ ചെയ്‌തതെന്നുമാണ് ആശുപത്രി അധികൃതർ പൊലീസിനോട് സൂചിപ്പിക്കുന്നത്.
ആശുപത്രി അധികൃതരും കൊല്ലത്ത് നിന്ന് മാതാവ് ഷാനിയും വിളിച്ചിട്ടും ഫോൺ എടുക്കാത്തതിന് തുടർന്ന് തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന നഴ്‌സുമാരും സുരക്ഷാ ജീവനക്കാരനും ചേർന്ന് വാതിൽ തള്ളി തുറന്നപ്പോഴാണ് സ്മൃതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നുവെങ്കിലും ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ ഹോസ്റ്റൽ മുറിയിലെത്തിയത്.
അനുജത്തി സ്വയം ജീവനൊടുക്കിയതെല്ലെന്നും, ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും, മരണം കൊലപാതകമാണെന്നും സഹോദരി ശ്രുതി കാസർകോട് വാർത്തയോട് വെളിപ്പെടുത്തി. കാൽ നിലത്ത് കുത്തിയ നിലയിലാണ് മൃതദേഹം ഉള്ളതെന്നും കെട്ടിത്തൂക്കിയതാണെന്നും ഇവർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ താനുമായി സംസാരിച്ചിരുന്നുവെന്നും സംസാരത്തിൽ ഒരു പ്രയാസവും ഉണ്ടെന്ന് തോന്നിയിരുന്നില്ലെന്നും ബെംഗ്ളൂറിൽ നഴ്‌സായ ശ്രുതി കൂട്ടിച്ചേർത്തു.
മൂന്ന് വർഷത്തെ നഴ്സിങ് പഠനം കഴിഞ്ഞാണ് ട്രെയ്‌നിങ്ങിന്റെ ഭാഗമായി സ്മൃതി ബന്തിയോട്ടെ ആശുപത്രിയിൽ ചേർന്നതെന്നും അവർ പറഞ്ഞു. ആശുപത്രി അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധമാണ് കൊല്ലത്ത് നിന്നുമെത്തിയ ബന്ധുക്കൾ പ്രകടിപ്പിച്ചിട്ടുള്ളത്. ബന്ധുക്കളും നാട്ടുകാരും അടക്കം അഞ്ചിലധികം പേരാണ് ബന്തിയോട്ട് എത്തിയിരിക്കുന്നത്. ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ മൃതദേഹം വിദഗ്‌ധ പോസ്റ്റ് മോർടത്തിന് അയക്കുമെന്നാണ് കുമ്പള പൊലീസ് പറയുന്നത്.
#nursedeath #Kerala #murderallegation #hospital #investigation