Assault | വീണ്ടും ഉത്തരേന്ത്യയെ നടുക്കി ക്രൂരപീഡനം; 'ജോലി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനെ ബലാല്‍സംഗം ചെയ്തു കൊന്നു'; യുവാവ് അറസ്റ്റില്‍
ലക്‌നൗ: (KasargodVartha) കൊല്‍ക്കത്തയില്‍ ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ (Kolkata R G Kar Medical College and Hospital) പിജി ഡോക്ടറെ (Doctor) ബലാല്‍സംഗം (Molestation) ചെയ്ത് കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഉത്തരേന്ത്യയെ നടുക്കി വീണ്ടും ക്രൂരപീഡനം.
ഉത്തരാഖണ്ഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സ് പീഡനത്തിനിരയായി കൊല്ലപ്പെട്ടതായി പൊലീസ്. ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സാണ് മരിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ ധര്‍മേന്ദ്രയെയാണ് രാജസ്ഥാനില്‍ നിന്ന് പിടികൂടിയത്.
ക്രൂരകൃത്യത്തെ കുറിച്ച് ഉധം സിംഗ് നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് മഞ്ജുനാഥ് ടിസി പറയുന്നത്: കഴിഞ്ഞ ജൂലൈ മാസം 30ന് കാണാതായ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശിലെ ദിബ്ദിബ ഗ്രാമത്തില്‍നിന്ന് ഈ മാസം എട്ടിനാണ് കണ്ടെടുത്തത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലുള്ള സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതി, ബിലാസ്പുര്‍ കാശിപുര്‍ റോഡിലെ ഒരു വാടക വീട്ടില്‍ 11 വയസ്സുള്ള മകളോടൊപ്പമാണ് താമസിക്കുകയാണ്. ഇവിടെനിന്ന് ഏകദേശം ഒന്നരകിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവ ദിവസം താമസസ്ഥലത്ത് എത്താത്തതിനെ തുടര്‍ന്ന്, അടുത്ത ദിവസം തന്നെ യുവതിയെ കാണാനില്ലെന്ന് സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബലാല്‍സംഗത്തിനിരയായ മൃതദേഹം കണ്ടെത്തിയത്. എട്ട് ദിവസത്തിന് ശേഷം ഓഗസ്റ്റ് 8 ന് ഉത്തര്‍പ്രദേശ് പോലീസ് ദിബ്ദിബ ഗ്രാമത്തിലെ അവളുടെ വീട്ടില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ മാസം 30ന് വൈകിട്ട്, ജോലിക്കുശേഷം ഇന്ദ്ര ചൗക്കില്‍നിന്നു യുവതി ഇറിക്ഷയില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം യുവതിയെ കാണാതാവുകയായിരുന്നു. ഇരയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയായ ധര്‍മേന്ദ്രയിലേക്ക് എത്തിച്ചത്.
ദിവസ വേതന തൊഴിലാളിയായ പ്രതി, യുവതി ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടത് മുതല്‍ പിന്തുടര്‍ന്നിരുന്നു. മദ്യലഹരിയിലായിരുന്ന ധര്‍മ്മേന്ദ്ര, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കുകയും ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
കൃത്യത്തിന് ശേഷം ഇയാള്‍ യുവതിയുടെ മൊബൈല്‍ ഫോണും പഴ്സില്‍നിന്ന് 3,000 രൂപയും മോഷ്ടിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ആശുപത്രികള്‍ സേഫ് സോണുകള്‍ ആയി പ്രഖ്യാപിക്കണം, ആശുപത്രി ജീവനക്കാര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കേന്ദ്ര നിയമം വേണം,
ആശുപത്രിയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം, കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി വേണം എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.
രാജ്യവ്യാപകമായി ജോലി മുടക്കി പ്രതിഷേധം കടുപ്പിക്കുകയാണ് ഐഎംഎ. നാളെ (17.08.2024) രാവിലെ 6 മണി മുതല്‍ 24 മണിക്കൂര്‍ ആണ് പ്രതിഷേധം. അവശ്യ സര്‍വീസുകള്‍ ഒഴികെ എല്ലാവരോടും പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ഐഎംഎ ആഹ്വാനം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ശക്തവും നീതിയുക്തവുമായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് (16.08.2024) കരിദിനം ആചരിക്കുകയാണ്. സംസ്ഥാനത്തെ പിജി റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരത്തില്‍ പങ്കുചേരും. ഒ.പിയും വാര്‍ഡ് ഡ്യൂട്ടിയും പൂര്‍ണമായി ബഹിഷ്‌കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിതായി കെജിഎംഒഎ അറിയിച്ചു.
സമരത്തിന് പിന്തുണയുമായി സിനിമ ടിവി താരങ്ങളും രംഗത്തെത്തി. ആലിയ ഭട്ട്, ഋത്വിക് റോഷന്‍, സാറ അലി ഖാന്‍, കരീന കപൂര്‍ തുടങ്ങിയവര്‍ ഇരക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടു. ദില്ലിയിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരും ഒരുമിച്ച് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധിക്കും.
സുരക്ഷിതമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കെജിഎംഒഎ ഈ മാസം 18 മുതല്‍ 31വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമ്പയിന്‍ നടത്തും.
കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരെയും, അഞ്ച് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്തു. ബലാത്സംഗ കൊലയില്‍ ഒന്നിലധികം പേര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് സിബിഐ. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും 48 മണിക്കൂറിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗവര്‍ണര്‍ സി വി ആനന്ദ ബോസ് മുന്നറിയിപ്പ് നല്‍കി.
ഈ സംഭവങ്ങള്‍ രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തിയിരിക്കുകയാണ്.#Uttarakhand, #NurseAssault, #Murder, #Protests, #HealthcareSafety, #Justice