Death | ആശുപത്രിയിലെ നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
* ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സായിരുന്നു.
* തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം
കുമ്പള: (KasargodVartha) ആശുപത്രിയിലെ നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി സ്‌മൃതി (20) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സാണ് യുവതി. നഴ്‌സുമാർ താമസിക്കുന്ന ആശുപത്രിയുടെ തന്നെ ക്വാർടേഴ്സിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയിലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു യുവതി.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിൽ വന്നിരുന്നുവെങ്കിലും തിരിച്ച് മുറിയിലേക്ക് പോയി. കൊല്ലത്തുള്ള മാതാവ് വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തൊട്ടടുത്തുള്ള മറ്റൊരു മുറിയിൽ താമസിക്കുന്ന നഴ്‌സുമാർ ചെന്ന് നോക്കിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരൻ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുമ്പള പൊലീസ് സ്ഥലത്തെത്തി മരണ വിവരം വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ എത്തിയ ശേഷം ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച മാത്രമേ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. യുവതി മരിച്ച മുറി പൊലീസ് സീൽ ചെയ്തിട്ടുണ്ട്. സ്‌മൃതി അടക്കം മൂന്ന് നഴ്‌സുമാരാണ് ഇവരുടെ മുറിയിൽ താമസിക്കുന്നത്. മറ്റ് രണ്ട് നഴ്‌സുമാർ രാവിലെ ജോലിക്ക് പോയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
#KeralaNews #NurseDeath #PoliceInvestigation #RIP