ഓൺലൈൻ ഓഹരി വ്യാപാരത്തിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി; പ്രവാസിക്ക് നഷ്ടമായത് 29 ലക്ഷം രൂപ, സൈബർ പൊലീസ് കേസെടുത്തു
● ചിത്താരി സ്വദേശിയായ പി ഫിറാസാണ് പരാതി നല്‍കിയത്
● ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവ വഴിയാണ് പ്രതികള്‍ ഫിറാസിനെ ബന്ധപ്പെട്ടത്
● 'വെൻ്റ്സെക് പ്രോ' എന്ന വ്യാജ ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു
● ‘വ്യാജ ഡാഷ്ബോർഡുകൾ കാണിച്ച് പല തവണകളിലായി വിവിധ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്തത്’
കാസർകോട്: (KasargodVartha) ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ചിത്താരിയിലെ പ്രവാസിയായ യുവാവിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിത്താരിയിലെ പി ഫിറാസ് (41) നൽകിയ പരാതിയിലാണ് കേസ്.
2025 ഡിസംബർ മൂന്ന് മുതൽ ഒൻപത് വരെ നടന്ന സാമ്പത്തിക തട്ടിപ്പ് സംഭവത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പ്
ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴിയാണ് ഫിറാസിനെ പ്രതികള്‍ ആദ്യം ബന്ധപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത ഇവർ 'വെൻ്റ്സെക് പ്രോ' (Ventsec Pro) എന്ന ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഓഹരി വ്യാപാരം നടത്താമെന്ന് വിശ്വസിപ്പിച്ചു.
തുടക്കത്തിൽ ചെറിയ ലാഭവിഹിതം നൽകി വിശ്വാസം നേടിയെടുത്ത ശേഷം വ്യാജ ഡാഷ്ബോർഡുകൾ കാണിച്ച് കൂടുതൽ പണം നിക്ഷേപിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിലുണ്ട്. തുടർന്ന് പല തവണകളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 29 ലക്ഷം രൂപ ഫിറാസിനെക്കൊണ്ട് അയപ്പിച്ചതായാണ് പരാതി. എന്നാൽ നിക്ഷേപിച്ച പണം തിരികെ നൽകുകയോ വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് ആരോപണം.
അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
പരാതിക്കാരൻ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. തുടർന്ന് സബ് ഇൻസ്പെക്ടർ ടി ടി നൗഷാദ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എഫ്ഐആറിൽ പ്രതികളെ നിലവിൽ അജ്ഞാതരായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 318(4), ഐടി ആക്ട് 66ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ രാജീവൻ ആണ് കേസിൻ്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ.
ഓൺലൈൻ ഇടപാടുകളുടെ വിശദാംശങ്ങൾ, പണം കൈമാറിയ അക്കൗണ്ടുകൾ, സമൂഹമാധ്യമ ബന്ധങ്ങൾ, ഉപയോഗിച്ച ആപ്ലിക്കേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഐപി അഡ്രസുകൾ കണ്ടെത്താനുമുള്ള ശ്രമങ്ങൾ സൈബർ സെല്ലിൻ്റെ നേതൃത്വത്തിൽ ഊർജിതമായി നടക്കുന്നുണ്ട്.
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Chithari NRI lost Rs 29 lakhs in an online trading scam; cyber police probe on.
#KasargodVartha #CyberCrime #OnlineFraud #KasaragodNews #ShareTradingScam #MalayalamNews #RenuNews






