Death | കാസർകോട്ട് പ്രവാസിയെ ദുരൂഹമായി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ സിബിഐ എത്തുമോ? ഭാര്യയുടെ ഹർജിയിൽ ഹൈകോടതി നോടീസ് അയച്ചു

● നടപടി വിദ്യാനഗർ പാണലം ഉക്കംബട്ടിയിലെ അബ്ദുൽ മജീദിന്റെ മരണത്തിൽ
● ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും ഡി.ജി.പിക്കുമാണ് നോട്ടീസ് അയച്ചത്
● അബ്ദുൽ മജീദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭാര്യ
● മജീദിന് നീന്തൽ ഭയമുള്ള അക്വാഫോബിയ എന്ന രോഗമുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി
കാസർകോട്: (KasargodVartha) കോളിക്കടവിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയായ വിദ്യാനഗർ പാണലം ഉക്കംബട്ടിയിലെ അബ്ദുൽ മജീദിന്റെ (52) മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നസീമ നൽകിയ ഹർജിയിൽ അഭ്യന്തര വകുപ്പ് സെക്രടറിക്കും, ഡിജിപിക്കും ഹൈകോടതി നോടീസ് അയച്ചു. 2023 നവംബർ ഒന്നിനാണ് അബ്ദുൽ മജീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒക്ടോബർ 31-ന് സുഹൃത്തായ ഹമീദ് (ടൈഗർ) എന്നയാൾ അബ്ദുൽ മജീദിനെ രാത്രിയിൽ ചന്ദ്രഗിരി പുഴയ്ക്ക് സമീപമുള്ള റിസോർടിലേക്ക് വിളിച്ചു കൊണ്ടുപോയിരുന്നതായി ഹർജിയിൽ പറയുന്നു. എന്നാൽ പിറ്റേന്ന് രാവിലെ 11 മണിയോടെ, കരയിൽ നിന്ന് 25 അടി അകലെ പുഴയിൽ മരിച്ച നിലയിൽ മജീദിന്റെ മൃതദേഹം ഫയർഫോഴ്സ് കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പുഴയ്ക്ക് ഏകദേശം 20 അടി ആഴമുണ്ട്. കരയിൽ നിന്ന് കുറച്ചകലെയായി കിടന്നിരുന്ന ബോട്ടിൽ മജീദിന്റെ മൊബൈൽ ഫോൺ, പേഴ്സ്, പാന്റ്സ്, ചെരുപ്പ്, ആധാർ കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് രേഖകൾ പ്രകാരം, രാത്രി ഒരു മണിയോടെ മജീദ് ബോട്ടിന് അടുത്തേക്ക് പോയെന്നും മദ്യപിച്ച് പുഴയിൽ വീണെന്നുമാണ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന ബശീർ ഫോർട് റോഡ് എന്നയാൾ പൊലീസിന് നൽകിയ മൊഴിയിൽ, സുഹൃത്തായ ഹമീദ് നായയ്ക്ക് ഭക്ഷണം കൊടുക്കാൻ പുഴയ്ക്ക് അക്കരെയുള്ള തുരുത്തിലേക്ക് നീന്തിപ്പോയെന്ന് പറയുന്നു. എന്നാൽ, മജീദിനെ കാണാനില്ലെന്ന വിവരം ഹമീദ് ആദ്യം കുടുംബാംഗങ്ങളെ അറിയിക്കാതെ ഒരു ഏരിയ നേതാവിനെ അറിയിച്ചത് സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും പുലർച്ചെ 4:45-നാണ് പ്രാദേശിക നേതാവ് മജീദിന്റെ സഹോദരി ഹാജിറ സത്താറിനെ ഫോണിൽ ഈ വിവരം അറിയിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റ്‌മോർടം റിപോർടിൽ മജീദ് മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. വയറ്റിലോ ശ്വാസകോശത്തിലോ വെള്ളം കയറിയതായും പറയുന്നില്ല. എന്നാൽ ഇൻക്വസ്റ്റ് റിപോർടിൽ കഴുത്തിൽ പുറകിലായി രക്തം കട്ടപിടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് വള്ളത്തിന്റെ പങ്കായം ഒരു ഭാഗം പൊട്ടിയ നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു. അബ്ദുൽ മജീദിന് വെള്ളത്തെ അമിതമായി ഭയമുള്ള അക്വാഫോബിയ എന്ന രോഗമുണ്ടെന്നും, അതിനാൽ ഒരിക്കലും ബോടിൽ കയറാൻ സാധ്യതയില്ലെന്നും ഭാര്യ നസീമ പറയുന്നു.
മഹസ്സർ റിപോർടിൽ മജീദിന്റെ പാന്റിന്റെ ഒരു ഭാഗം നനഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ശരിയായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടർന്ന്, പ്രവാസി ലീഗൽ സർവീസ് ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത്, അഡ്വ. പി.ടി ഷിജേഷ് എന്നിവർ മുഖേന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ സിബിഐ അന്വേഷണം ഉണ്ടാവുമോയെന്ന് ഉറ്റുനോക്കുകയാണ് ഏവരും.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!
The wife of an NRI, Abdul Majeed, found dead in a river in Kasaragod, has filed a petition in the High Court seeking a CBI investigation. The court has issued notices to the Home Department Secretary and DGP. The petition raises suspicions about the circumstances of his death, citing discrepancies in police reports and postmortem findings. The family alleges foul play and lack of proper investigation.
#NRIDeath #CBIInvestigation #Kasaragod #HighCourt #SuspiciousDeath #JusticeForMajeed