Murder | കൊലക്കേസ് പ്രതിയെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി; സംഭവം മാതാവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോൾ
കുപ്രസിദ്ധ ഗുണ്ട സമീർ കൊല്ലപ്പെട്ടു
മംഗ്ളുറു: (KasargodVartha) പ്രമാദമായ ടാർഗറ്റ് ഇല്യാസ് കൊലക്കേസിലെ പ്രതിയായ ഉള്ളാളിലെ സമീർ (35) കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി 10 മണിയോടെ സമീർ മാതാവിനൊപ്പം കല്ലാപിലെ ഒരു റെസ്‌റ്റോറൻ്റിലേക്ക് പോയ സമയത്താണ് സംഭവം. റെസ്‌റ്റോറൻ്റിലേക്ക് കടക്കാനൊരുങ്ങവെ കാറിൽ പിന്നാലെയെത്തിയ സംഘം പുറത്തിറങ്ങിയ സമീറിനെ വാളുകൊണ്ട് ആക്രമിക്കുകയായിരുന്നു.
സമീർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അഞ്ചംഗ സംഘം ഇയാളെ 500 മീറ്ററോളം പിന്തുടരുകയും ഒടുവിൽ ഫർണിചർ ഷോറൂമിന് പിന്നിൽ വെച്ച് പിടികൂടുകയും കൊലപ്പെടുത്തുകയുമായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീറിനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് മംഗ്ളുറു ജയിലിൽ വെച്ച് മറ്റ് ജയിൽ തടവുകാർ ആക്രമിച്ചിരുന്നു. കവർച്ച കേസിൽ അറസ്റ്റിലായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
നിരവധി കേസുകളിൽ പ്രതിയായ ടാർഗറ്റ് ഇല്യാസ് ജപ്പുവിലെ ഒരു ഫ്ലാറ്റിൽ 2018 ലാണ് ഒരു സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് സമീർ. റെയിൽവേ ട്രാകിന് സമീപത്താണ് സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൊലപാതകത്തിൽ ഉള്ളാൾ പൊലീസ് അന്വേഷണം ആരംഭിച്ചു.