Arrest | കുപ്രസിദ്ധ കുറ്റവാളി കാഞ്ഞങ്ങാട്ട് കുടുങ്ങി; പൊലീസ് പിടിയിലായത് 50-ലധികം കേസുകളിലെ പ്രതി
● കാഞ്ഞങ്ങാട്ട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടി.
● 50-ലധികം കേസുകളിൽ പ്രതിയാണ്.
● കാഞ്ഞങ്ങാട്ട് കവർച്ച പദ്ധതി ആസൂത്രണം ചെയ്യാൻ എത്തിയതാണെന്ന് സൂചന.
കാഞ്ഞങ്ങാട്: (KasargodVartha) അന്തർ സംസ്ഥാന ബന്ധങ്ങളുള്ളതായി പറയുന്ന ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാരാട്ട് നൗശാദിനെ (52) കാഞ്ഞങ്ങാട്ട് ട്രെയിൻ ഇറങ്ങിയപ്പോൾ പൊലീസ് സാഹസികമായി കീഴടക്കി. കാഞ്ഞങ്ങാട് കവർച്ച പദ്ധതി ആസൂത്രണം ചെയ്യാനായി കാരാട്ട് നൗശാദ് എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൊസ്ദുർഗ് സിഐ പി അജിത് കുമാറും സംഘവും ഇയാളെ പിടികൂടിയത്.
നീലേശ്വരം, മേൽപറമ്പ്, കാസർകോട് തുടങ്ങി നിരവധി കേസുകളിൽ വാറണ്ട് പ്രതിയാണ് കാരാട്ട് നൗശാദ്. ഇപ്പോൾ മംഗ്ളൂറിൽ താമസിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിവരികയാണ് നൗശാദ് എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസിനെ കണ്ടയുടനെ കയ്യിൽ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ആത്മഹത്യ ഭീഷണി നടത്തിയതായി പൊലീസ് പറയുന്നു.
'ഇതിനിടയിൽ ബ്ലേഡ് കൊണ്ട് ചുണ്ട് മുറിഞ്ഞ് ചോര വാർന്നെങ്കിലും പൊലീസ് പിന്മാറാൻ തയ്യറാല്ലെന്ന് മനസിലായതോടെ വായിൽ നിറഞ്ഞ ചോര പുറത്തേക്ക് തുപ്പി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അരകിലോമീറ്ററോളം പിന്തുടർന്ന് പൊലീസ് കീഴടക്കുകയായിരുന്നു.
പൊലീസ് പിടികൂടുന്ന സന്ദർഭങ്ങളിലെല്ലാം നൗശാദ് ബ്ലേഡ് കൊണ്ട് ഇത്തരത്തിൽ പരാക്രമണം നടത്താറുണ്ട്. കൈത്തണ്ട മുറിച്ചും ബ്ലേഡ് വായിലിട്ട് ചവച്ചും ചോര തുപ്പിയും രക്ഷപ്പെടുന്ന തന്ത്രം മനസിലാക്കി കൊണ്ടുതന്നെയാണ് നൗശാദിനെ വിടാതെ പിന്തുടർന്നത്', പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് കാഞ്ഞങ്ങാട് എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കവർച്ച, കൊലപാതക ശ്രമം, തട്ടിക്കൊണ്ട് പോകൽ എന്നിവ അടക്കം 50 ലേറെ കേസുകളിൽ പ്രതിയാണ് നൗശാദെന്ന് ഇയാളെ പിടികൂടിയ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
ചുണ്ടുമുറിഞ്ഞ നൗശാദിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. പ്രതിയെ ശനിയാഴ്ച വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. നൗശാദ് കാഞ്ഞങ്ങാട്ട് എത്തിയത് എന്തിനാണെന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.
#KaratNoushad #Arrest #Kerala #CrimeNews