Arrest | നവവധുവിന്റെ മരണം: ഭർത്താവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

● ഷഹാന മുംതാസ് എന്ന 19 കാരിയാണ് മരിച്ചത്
● അബ്ദുൽ വാഹിദാണ് അറസ്റ്റിലായത്
● വിദേശത്തുനിന്നെത്തിയപ്പോഴാണ് ഭർത്താവ് അറസ്റ്റിലായത്.
കണ്ണൂർ: (KasargodVartha) മലപ്പുറം കൊണ്ടോട്ടിയിൽ കറുത്ത നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെ തുടർന്ന് നവവധു ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവ് അറസ്റ്റിലായി. മലപ്പുറം സ്വദേശി അബ്ദുൽ വാഹിദാണ് അറസ്റ്റിലായത്. വിദേശത്തു നിന്നും കണ്ണൂർ മട്ടന്നൂരിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുൽ വാഹിദിനെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് എന്ന 19 കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് അബ്ദുൽ വാഹിദിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഭർത്താവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനമാണ് ഷഹാന മുംതാസിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കറുത്ത നിറത്തെച്ചൊല്ലിയും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിനെക്കുറിച്ചും ഭർത്താവ് ഷഹാനയെ എപ്പോഴും കളിയാക്കിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
'20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഇതിൽ തന്നെ പിടിച്ചു തൂങ്ങുന്നത്, വേറെ ഭർത്താവിനെ കിട്ടില്ലേ' എന്നും പെൺകുട്ടിയുടെ മുൻപിൽ വെച്ച് ഭർതൃമാതാവ് ചോദിച്ചതായി പരാതിയുണ്ട്. നിരന്തര പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#DomesticViolence #DowryHarassment #KeralaNews #CrimeNews #WomensRights