Investigation | നീലേശ്വരം അപകടം: കേസിൽ വധശ്രമം വകുപ്പ് കൂടി ഉൾപെടുത്തി; ഒരാൾ കൂടി അറസ്റ്റിൽ; ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതം

● പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്
● എട്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
● 98 പേരാണ് 13 ആശുപത്രികളിലായി നിലവിൽ ചികിത്സയിലുള്ളത്
നീലേശ്വരം: (KasargodVartha) നാടിനെ നടുക്കിയ വെടിക്കെട്ട് അപകടത്തിൽ വധശ്രമം കൂടി ഉൾപ്പെടുത്തി പൊലീസ് കോടതിക്ക് റിപോർട് നൽകി. എക്സ്പ്ലോസീവ് ആക്ട്, സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്യൽ ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് നേരത്തേ പൊലീസ് കേസെടുത്തിരുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തതോടെയാണ് വധശ്രമം കൂടി ഉൾപ്പെടുത്തുകയും ഒരാളെ കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തത്.
നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിജയൻ (62) ആണ് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റിലായത്. ചൊവ്വാഴ്ച അറസ്റ്റിലായ വെടിക്കെട്ട് നടത്താൻ ചുമതപ്പെടുത്തിയ രാജേഷിൻ്റെ സഹായിയായി പ്രവർത്തിച്ചയാളാണ് വിജയൻ എന്ന് പൊലീസ് പറഞ്ഞു.16 വർഷം മുമ്പ് ഇതേ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനിടെ കൈപ്പത്തി അറ്റയാളാണ് ഇപ്പോൾ അറസ്റ്റിലായ വിജയനെന്നും പൊലീസ് വെളിപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് നാലാമത്തെ അറസ്റ്റും ഉണ്ടായത്. ഒമ്പതംഗ പ്രത്യേക അന്വേഷണ സംഘമാണ് അപകടം അന്വേഷിക്കുന്നത്.
കേസിൽ ക്ഷേത്ര കമിറ്റി പ്രസിഡണ്ട്, സെക്രടറി, പടക്കം പൊട്ടിക്കാൻ നിയോഗിച്ച ആൾ എന്നിവരെ ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അതിനിടെ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.
നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നീലേശ്വരം കോട്ടപ്പുറത്ത് നടത്താൻ തീരുമാനിച്ച ഉത്തര മലബാർ ജലോത്സം മാറ്റിവെച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജലോത്സവം 2024 നവംബർ 17 ഞായറാഴ്ചയിലേക്ക് ആണ് മാറ്റിവെച്ചത്. വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സർകാർ വഹിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന എട്ട് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
അപകടത്തിൽ പരുക്കേറ്റ 98 പേരാണ് പതിമൂന്ന് ആശുപത്രികളിലായി നിലവിൽ ചികിത്സയിലുള്ളത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന നീലേശ്വരം സ്വദേശി സന്ദീപിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ബാക്കി ഏഴു പേർ വെന്റിലേറ്ററിലാണ്.
കേസിൽ പ്രതിച്ചേർത്ത കമിറ്റി അംഗങ്ങളായ നാലുപേരാണ് ഒളിവിൽ കഴിയുന്നത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ഉൾപ്പെടെ മൊഴി കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്. ജില്ലാ കലക്ടർ നിയോഗിച്ച എഡിഎമിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പൊലീസ് അന്വേഷണത്തിന് സമാന്തരമായി ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികളിൽ നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ച് എഡിഎം രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപോർട് കലക്ടർക്ക് കൈമാറും.
#NeeleswaramAccident #Kerala #FirecrackerAccident #Investigation #Arrest #AttemptedMurder