city-gold-ad-for-blogger

നെടുമ്പാശേരി വാഹനാപകടം; റിമാൻഡ് പ്രതികളെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ ദുരൂഹതയെന്ന് ആരോപണം; സുഹൈലിനെതിരെ എക്സൈസ് കേസ്, ബാറുകൾക്ക് പൂട്ടുവീഴും

Remanding accused in Nedumbassery fatal car crash to Borstal school sparks controversy; 2 more arrested
Image Credit: Facebook/ Sherin Mathew

● കാറോടിച്ച സുഹൈൽ സജീവ്, സുഹൃത്ത് നിനവ് എന്നിവർ കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ്
● റിമാൻഡ് പ്രതികളെ ബോസ്റ്റൽ സ്കൂളുകളിലേക്ക് മാറ്റുന്നത് നിയമപരമല്ലെന്ന് വിദഗ്ധർ
● അപകടസമയത്ത് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ, അമീൻ എന്നിവർ കൂടി പിടിയിലായി
● ഇവരെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കയച്ചു
● 120 കിലോമീറ്റർ വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന് പ്രതി സുഹൈൽ സമ്മതിച്ചതായി പൊലീസ്

കൊച്ചി: (KasargodVartha) നെടുമ്പാശേരിയിൽ മൂന്നുപേർ മരിച്ച വാഹനാപകടത്തിൽ കാറോടിച്ച പ്രതി സുഹൈൽ സജീവിനെയും (19) കൂടെയുണ്ടായിരുന്ന സുഹൃത്ത് നിനവിനെയും സബ് ജയിലിലേക്ക് മാറ്റുന്നതിനുപകരം കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ ദുരൂഹതയെന്ന് ആരോപണം. ജയിൽച്ചട്ടം 324 പ്രകാരമാണ് നടപടിയെന്നാണ് പോലീസിൻ്റെ വിശദീകരണം.

1961-ലെ കേരള ബോസ്റ്റൽ സ്കൂൾസ് നിയമപ്രകാരം, ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്ന 16-നും 21-നും ഇടയിൽ പ്രായമുള്ളവരെയാണ് ഇവിടെ പ്രവേശിപ്പിക്കേണ്ടത്. കുറഞ്ഞത് രണ്ടുവർഷത്തേക്ക് ശിക്ഷിക്കുമ്പോഴാണ് കോടതി ഉത്തരവ് പ്രകാരം ബോസ്റ്റൽ സ്കൂളിലേക്ക് വിടേണ്ടത്.

വിചാരണത്തടവുകാരെയോ റിമാൻഡ് പ്രതികളെയോ ബോസ്റ്റൽ സ്കൂളുകളിലേക്ക് മാറ്റുന്നത് നിയമപരമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്തത്. പ്രതികളെ സബ് ജയിലിലേക്ക് മാറ്റാത്തതിനെതിരെ അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബം രംഗത്തെത്തി. അപകടം നടന്നയുടൻ ഓടിക്കൂടിയവരോട് 'എല്ലാം എൻ്റെ വാപ്പ നോക്കിക്കോളും' എന്ന് സുഹൈൽ പറഞ്ഞിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.

രണ്ടുപേർ കൂടി പിടിയിൽ; ലൈസൻസ് റദ്ദാക്കും

അത്താണി-എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽ രണ്ടുപേരെ കൂടി നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണ് പിടികൂടിയത്. അപകടസമയത്ത് നാല് പേരാണ് കാറിലുണ്ടായിരുന്നത്.

2026 ഒക്ടോബർ 11 ഞായറാഴ്ച വൈകീട്ട് ആലപ്പുഴ സ്വദേശി നിനവിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സുഹൈലിനെയും നിനവിനെയും ആലുവ മജിസ്ട്രേറ്റ് കോടതി കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കയച്ചു. 19 വയസ്സ് മാത്രമാണെന്നതും ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് കോടതി നിർദേശം.

ചോദ്യം ചെയ്തപ്പോഴാണ് ജോയലിനെയും അമീനെയും കുറിച്ച് വിവരം ലഭിച്ചത്. ഇവർ മറ്റൊരു കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്ക് വണ്ടിയോടിക്കാൻ പ്രേരണ നൽകി, മദ്യപിച്ച് വാഹനം ഓടിക്കുന്നത് അറിഞ്ഞിട്ടും വിലക്കിയില്ല എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ജോയലിനെയും അമീനെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത് കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്കയച്ചു.

സുഹൈലിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. നിയമപ്രകാരമുള്ള 23 വയസ്സിന് മുൻപ് മദ്യം ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആലുവ എക്സൈസ് റേഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

സുഹൈലിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. നിയമപ്രകാരമുള്ള 23 വയസ്സിന് മുൻപ് മദ്യം ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആലുവ എക്സൈസ് റേഞ്ച് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

സുഹൈലിനെ ചോദ്യം ചെയ്യും; ബാറുകൾക്കും കേസ്

അപകടസമയത്ത് കാറോടിച്ചിരുന്ന പ്രതി സുഹൈലിനെ വരുംദിവസങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. പ്രതികൾക്ക് മദ്യം നൽകിയ ബാറുകൾക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്.

പ്രായം പരിശോധിക്കാതെ നിയമം ലംഘിച്ച് മദ്യം വിളമ്പിയ സ്ഥാപനങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

നാലുപേരും 23 വയസ്സിൽ താഴെയുള്ളവരായതിനാൽ ഇവർക്ക് മദ്യം നൽകിയ മൂന്നു ബാറുകൾക്കെതിരെ നടപടിയെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 120 കിലോമീറ്റർ വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന് സുഹൈൽ സമ്മതിച്ചതായി പോലീസ് പറയുന്നു. സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ തുടങ്ങി.

2026 ഒക്ടോബർ 10 ശനിയാഴ്ച ഉച്ചമുതൽ സുഹൈലും നിനവും രണ്ട് ബാറുകളിൽ കയറി മദ്യപിച്ചിരുന്നു. രാത്രി 12-ഓടെ ഇവർ നെടുമ്പാശേരി എയർപോർട്ട് റോഡിലെത്തി. ഇവിടെ മറ്റൊരു കാറിൽ എത്തിയ അമീൻ, ജോയൽ എന്നിവർക്കൊപ്പം ചേർന്ന് മറ്റൊരു ബാറിലെത്തി മദ്യപിച്ചു. തുടർന്ന് അത്താണിയിലേക്ക് വരുമ്പോഴാണ് അപകടം. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. ഖത്തർ എയർവേസ് വിമാനത്തിലെത്തിയ യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തിൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്.

വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി എം ലിജു

എറണാകുളം നെടുമ്പാശേരിയിലുണ്ടായ സംഭവം ദാരുണമാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പ്രതികരിച്ചു. 23 വയസ്സിന് താഴെയുള്ള വ്യക്തിക്ക് മദ്യം കൊടുത്ത സംഭവത്തിൽ നിലവിൽ മൂന്ന് ബാറുകൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങളിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി എം ലിജു മാധ്യമങ്ങളോട് പറഞ്ഞു.

പ്രായപൂർത്തിയാകാത്തവർക്കും പ്രായപരിധിക്ക് താഴെയുള്ളവർക്കും മദ്യം നൽകുന്നത് തടയാനായി ബാറുകൾക്കും മദ്യവിൽപ്പന ശാലകൾക്കുമായി സർക്കാർ ഉടൻ തന്നെ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

സൂപ്പർ ഇൻസ്പെക്ഷൻ

അമിതവേഗവും മദ്യപാനവുമാണ് അപകടത്തിന് കാരണമെന്ന് എംവിഡിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. എറണാകുളം എൻഫോഴ്സ്മെൻ്റ് ആർടിഒ ബിജു ഐസക് റിപ്പോർട്ട് ട്രാൻസ്പോർട്ട് കമീഷണർക്ക് കൈമാറി. സിയാൽ-അത്താണി എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 60 കിലോമീറ്ററാണ് വേഗപരിധി.

അപകടസ്ഥലത്ത് വെളിച്ചവും ബോർഡുകളും ഉണ്ടായിരുന്നുവെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിലുണ്ട്. സുഹൈലിൻ്റെ രക്തത്തിൻ്റെയും മൂത്രത്തിൻ്റെയും സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചു.

അപകടത്തിൽപ്പെട്ട കാറിൽ അനധികൃത രൂപമാറ്റങ്ങൾ എന്നിവ പരിശോധിക്കാൻ എംവിഡിയുടെ സൂപ്പർ ഇൻസ്പെക്ഷൻ നടക്കും. വാഹനത്തിലെ ഇലക്ട്രോണിക് കൺട്രോൾ മൊഡ്യൂൾ പരിശോധിക്കും. വാഹനത്തിൻ്റെ പ്രവർത്തന വിവരങ്ങൾ ഇതിലൂടെ ലഭിക്കും. ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുമെന്ന് റൂറൽ എസ്പി കെ എസ് സുദർശൻ പറഞ്ഞു. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

എന്താണ് ബോസ്റ്റല്‍ സ്കൂള്‍?

18 നും 21 നും ഇടയിൽ പ്രായമുള്ള യുവകുറ്റവാളികൾക്ക് തിരുത്തലും പരിശീലനവും നൽകി സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാനായി പ്രവർത്തിക്കുന്ന പ്രത്യേക സ്ഥാപനമാണ് ബോസ്റ്റൽ സ്കൂൾ (Borstal School).

പ്രധാന സവിശേഷതകൾ;

പ്രായപരിധി: 18 വയസ്സ് പൂർത്തിയായവരും 21 വയസ്സ് തികയാത്തവരുമായ കൗമാരക്കാരായ കുറ്റവാളികളെയാണ് (Adolescent offenders) ഇവിടെ പാർപ്പിക്കുന്നത്.

ജയിലിൽ നിന്നുള്ള വ്യത്യാസം: ഇതൊരു സാധാരണ ജയിലല്ല. കുറ്റബോധം ഉണ്ടാക്കാനോ ശിക്ഷിക്കാനോ അല്ല, മറിച്ച് കുട്ടികളിൽ മാറ്റം വരുത്താനും അവരെ നല്ലവരായി വളർത്താനുമുള്ള തിരുത്തൽ കേന്ദ്രമാണിത്.

പരിശീലനം: ഇവിടെ അന്തവാസികൾക്ക് വിദ്യാഭ്യാസം, കൗൺസലിങ്, വിവിധ തൊഴിൽ പരിശീലനങ്ങൾ എന്നിവ നൽകി വരുന്നു.

കേരളത്തിലെ സ്ഥിതി: എറണാകുളം കാക്കനാട് തൃക്കാക്കരയിലാണ് കേരളത്തിലെ ഏക ബോസ്റ്റൽ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കേരള ജയിൽ വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Accused in the fatal Nedumbassery car crash remanded to Borstal School.

#NedumbasseryAccident #MiniCooperCrash #KeralaPolice #RoadSafety #KochiNews #MVD #BorstalSchool #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Shobha K
Shobha K

2922 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia