Allegation | വീട്ടമ്മയെ ഉപയോഗിച്ച് 4 കോടി തട്ടി? മൈമൂനയുടെ മരണത്തിന് പിന്നിൽ ട്രേഡിംഗ് മാഫിയയെന്ന് ആരോപണം; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമിറ്റി പ്രക്ഷോഭത്തിലേക്ക്
അന്വേഷണം ഊർജിതമാക്കിയാൽ പല വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്
ചെർക്കള: (KasargodVartha) മുളിയാർ ചൂരിമൂലയിലെ മൈമൂന (42) എന്ന വീട്ടമ്മയുടെ മരണത്തിന് പിന്നിൽ ട്രേഡിംഗ് മാഫിയയെന്ന് ആരോപണം. മരണത്തിലെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ചേർന്ന് രൂപവത്കരിച്ച ആക്ഷൻ കമിറ്റി പ്രക്ഷോഭത്തിലേക്ക് കടക്കുന്നു. ഓഗസ്റ്റ് 16 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ചെർക്കള ടൗണിൽ സായാഹ്ന ധർണ സംഘടിപ്പിക്കുമെന്ന് ആക്ഷൻ കമിറ്റി ഭാരവാഹികൾ അറിയിച്ചു.
ജില്ലയെ ട്രേഡിങ് തട്ടിപ്പ് സംഘം അവരുടെ പ്രധാന കേന്ദ്രമാക്കുകയാണെന്ന് ഭാരവാഹികൾ പറയുന്നു. ജില്ലയിലും സംസ്ഥാനത്തും സമാന സംഭവങ്ങളിലൂടെ കോടികളുടെ സാമ്പത്തിക തട്ടിപ്പാണ് നടന്നത്. ഇത്തരം തട്ടിപ്പുകളിൽ അകപ്പെട്ട വീട്ടമ്മമാർ ഉൾപ്പെടെ നിരവധി പേരുടെ ജീവനുകളാണ് പൊലിയുന്നത്. ഇത്തരം സാഹചര്യത്തിൽ തട്ടിപ്പിനിരയായവർക്ക് നീതി കിട്ടാൻ നിയമനടപടികൾ കർശനമാക്കണമെന്നും ആക്ഷൻ കമിറ്റി ചെയർമാൻ അഡ്വ. പി എസ് ജുനൈദും കൺവീനർ സി കെ എം മുനീറും ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മാർച് അഞ്ചിനാണ് മൈമൂന വിഷം അകത്ത് ചെന്ന് മരിച്ചത്. മരണം നടക്കുന്നതിന് ഒരാഴ്ച മുമ്പ് വീട്ടമ്മ പുറത്ത് പോയിരുന്നു. തിരിച്ചെത്തിയ ശേഷം തുടർച്ചയായി ഛർദി ഉണ്ടായതോടെ ആദ്യം കാസർകോട്ടെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലും ചികിത്സയിലായിരുന്നു. ഏഴാം നാളിലാണ് മരണം സംഭവിച്ചത്.
പരിയാരത്തേക്ക് കൊണ്ടു പോകുമ്പോൾ തനിക്ക് കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് വീട്ടമ്മ ആംബുലൻസ് ഡ്രൈവറോടും കൂടെയുള്ളവരോടും പറഞ്ഞിരുന്നതായി വിവരമുണ്ട്. എന്നാൽ അത്യാസന്ന നിലയിൽ ആയതിനാൽ അവർക്ക് ഒന്നും പറയാനായില്ല. മൈമൂന ചിലരുടെ നിർദേശപ്രകാരം ട്രേഡിങിലൂടെ വൻതുക ലാഭവാഗ്ദാനം നൽകി പണം സ്വരൂപിച്ച് ഇടപാടുകാരെ എൽപ്പിച്ചിരുന്നതായി പറയുന്നുണ്ട്. വീട്ടമ്മമാരെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലേക്ക് കൊണ്ടുവന്ന് വൻതുക അടിച്ചു മാറ്റുകയെന്ന തന്ത്രമാണ് സംഘം പയറ്റുന്നത്.
വീട്ടമ്മയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം ഊർജിതമാക്കിയാൽ പല വിവരങ്ങളും പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മരണപ്പെട്ട മൈമൂന എന്ന വീട്ടമ്മ മുഖേന തട്ടിപ്പ് സംഘം കൈക്കലാക്കിയ തുക നാലര കോടി രൂപയോളം വരുമെന്നാണ് മൈമൂനയുടെ ബന്ധുക്കളും ആക്ഷൻ കമിറ്റിയും ആരോപിക്കുന്നത്. പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികളും പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകാനാണ് ആക്ഷൻ കമിറ്റിയുടെയും മൈമൂനയുടെ ബന്ധുക്കളുടെയും തീരുമാനം.
ആക്ഷൻ കമിറ്റി ഭാരവാഹികൾ: അഡ്വ. പി എസ് ജുനൈദ് (ചെയർമാൻ), സി കെ എം മുനീർ (കൺവീനർ), ലത്വീഫ് ബോവിക്കാനം (ട്രഷറർ), അശ്‌റഫ് ബോവിക്കാനം, സി എച് ഐത്തപ്പൻ, മനാഫ് എടനീർ (വൈസ് ചെയർമാന്മാർ), ഹനീഫ് ആശിർവാദ്, അസീസ് കോലാച്ചിയടുക്കം, നവാസ് ബി എ (ജോ. കൺവീനർമാർ). മുഖ്യരക്ഷാധികാരികളായി എ ആർ ധന്യവാദ്, നാസർ ചെർക്കളം, എം എച് അബ്ദുർ റഹ്‌മാൻ, ബൽരാജ് എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.