Investigation | ബോവിക്കാനം മൂലടുക്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജിത അന്വേഷണം
● മൂലടുക്കത്തെ കാവുപ്പാടി അടുക്കത്തിന് സമീപത്തെ എടനീർ അബ്ദുല്ലയുടെ മകൻ റാശിദ് (24) ആണ് മരിച്ചത്.
● കാലുകളിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു.
● മാതാവും മറ്റും താമസിക്കുന്ന വീടിൻ്റെ താഴെയുള്ള തറവാട് വീട്ടിൽ യുവാവ് തനിച്ചായിരുന്നു താമസം.
ബോവിക്കാനം: (KasargodVartha) മൂലടുക്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പൊലീസ്.
മരണം കൊലയെന്ന് സംശയം ഉയർന്നതിനാൽ പൊലീസ് ഇൻക്വസ്റ്റ് വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു.
മൂലടുക്കത്തെ കാവുപ്പാടി അടുക്കത്തിന് സമീപത്തെ എടനീർ അബ്ദുല്ലയുടെ മകൻ റാശിദ് (24) ആണ് മരിച്ചത്. ബുധനാഴ്‌ച വൈകുന്നേരം നാലു മണിയോടെയാണ് മൂലടുക്കം പുഴക്കര റോഡിനു സമീപം മരത്തിന്റെ കീഴിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം ബന്ധുക്കൾ കണ്ടെത്തിയത്. യുവാവിൻ്റെ ഇരുകാലുകൾക്കും പരുക്കുണ്ടായിരുന്നു. കാലുകളിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു.
മാതാവും മറ്റും താമസിക്കുന്ന വീടിൻ്റെ താഴെയുള്ള തറവാട് വീട്ടിൽ യുവാവ് തനിച്ചായിരുന്നു താമസം. ഉച്ചകഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാൻ യുവാവ് എത്താത്തതിനാൽ മാതാവും മറ്റും അന്വേഷിച്ചു ചെന്നപ്പോഴാണ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിനായി മുകൾ ഭാഗത്ത് എത്തിച്ചിരുന്നുവെങ്കിലും മരിച്ചതായി ബോധ്യപ്പെട്ടതിനാൽ ആദൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. യുവാവിന് ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്നും പ്രദേശവാസികൾ സംശയിക്കുന്നുണ്ട്. പ്രദേശവാസികളുമായി വലിയ ബന്ധം പുലർത്തി വന്നിരുന്നില്ല. നിഗൂഢമായ ജീവിതം നയിച്ചു വരികയായിരുന്നു യുവാവ്.
പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾ വ്യാഴാഴ്ച രാവിലെ പൊലീസ് നായയെയും മറ്റും എത്തിച്ച് പരിശോധിച്ച ശേഷം നടത്തുമെന്ന് ആദൂർ ഇൻസ്പെക്ടർ കാസർകോട് വാർത്തയോട് പറഞ്ഞിരുന്നു. മാതാവ്: ആസിയ ബീവി. സഹോദരങ്ങൾ: ഇർശാദ്, സാബിറ, റജ്നാസ്.
#MooladukDeath, #YouthDeath, #SuspiciousDeath, #PoliceInvestigation, #KeralaNews, #RashidMooladuk