Complaint | ബായാറിലെ ആസിഫിന്റെ ദുരൂഹ മരണം: മാതാവ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി; 'ലോറിയിൽ ലാത്തിയുടെ കഷ്ണം, പൊലീസിനെയും സംശയം'

● ബായാർ ഗാളിയടുക്കയിലെ ആസിഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● ബായാർ ധർമ്മത്തടുക്കയിൽ വെച്ചായിരുന്നു സംഭവം
● മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്
കാസർകോട്: (KasargodVartha) ബായാറിൽ ടിപർ ലോറി ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ബായാർ ഗാളിയടുക്കയിലെ ആസിഫിന്റെ (25) മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മാതാവ് സകീന സിപിഎം നേതാക്കൾ വഴി മുഖ്യമന്ത്രിക്ക് പരാതി നൽകി.
തുടർന്ന് സിപിഎം നേതാക്കളോടൊപ്പം ജില്ലാ പൊലീസ് മേധാവി ഡി ശിൽപയെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തു. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മാതാവ് തൻ്റെ പരാതിയിൽ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണ റിപോർട് ആവശ്യപ്പെട്ടതായും, മരണത്തിലെ ദുരൂഹത നീക്കുമെന്നും ജില്ലാ പൊലീസ് മേധാവി, സകീനക്ക് ഉറപ്പ് നൽകി.
ജനുവരി 15-ന് രാത്രി 1.05-ന് വീട്ടിൽ നിന്ന് ടിപർ ലോറിയുമായി പോയ ആസിഫിനെ 1.45-നും രണ്ട് മണിക്കുമിടയിൽ ബായാർ ധർമ്മത്തടുക്ക എന്ന സ്ഥലത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് രാത്രികാലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ 108 ആംബുലൻസിൽ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുപ്പെല്ലിന് ഉണ്ടായ പൊട്ടൽ ആണ് മരണത്തിന് കാരണമെന്നാണ് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ നടത്തിയ പോസ്റ്റ് മോർടം റിപോർടിൽ പറയുന്നത്. വീഴ്ചയിലോ വാഹനമോ മറ്റോ ഇടിച്ചാലോ ആണ് ഇടുപ്പെല്ല് തകരാൻ സാധ്യതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മകന്റെ ശരീരത്തിൽ കണ്ട പാടുകൾ മരണത്തിൽ സംശയങ്ങൾ വർധിപ്പിക്കുന്നു എന്ന് സകീന പറയുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ആരോപണം. ടിപർ ലോറിയിൽ നിന്ന് പൊലീസ് ലാത്തിയുടെ കഷ്ണം കണ്ടെത്തിയത് പൊലീസിന്റെ മർദനമാണ് മരണകാരണമെന്ന് സംശയിക്കാൻ ഇടയാക്കുന്നു എന്നും പരാതിയിൽ പറയുന്നു.
കൃത്യമായ അന്വേഷണത്തിലൂടെ മരണകാരണം കണ്ടെത്തണമെന്നും മകന്റെ ശരീരത്തിലെ മുറിവുകളുടെ കാരണം വ്യക്തമാക്കണമെന്നും സകീന കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അവർ അഭ്യർത്ഥിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം.
#BayarDeath #AsifDeath #PoliceInvestigation #KeralaNews #KasargodNews #JusticeForAsif