Investigation | ആസിഫിൻ്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു

● ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉത്തംദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
● ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുക്കും.
● പോസ്റ്റ് മോർടം റിപോർടിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ടെന്ന് പറയുന്നു.
ഉപ്പള: (KasargodVartha) ബായാർ ഗാളിയടുക്കയിലെ ആസിഫിന്റെ (25) ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഫോറൻസിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിക്കും. പോസ്റ്റ് മോർടം നടത്തിയ ഡോക്ടറും സംഭവസ്ഥലം സന്ദർശിക്കും. ആസിഫിന്റെ മാതാവ് സകീനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജനുവരി 15ന് രാത്രി 1.45 ഓടെയാണ് ആസിഫിനെ ബായാർ ഗാളിയടുക്കയിലെ റോഡരികിൽ നിർത്തിയിട്ട ടിപർ ലോറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ഒരു മണിയോടെ ടിപർ ലോറിയുമായി വീട്ടിൽ നിന്ന് പോയതായിരുന്നു ആസിഫ്. പിന്നീട് 1.45 ഓടെ ലോറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാർ 108 ആംബുലൻസിൽ ബന്തിയോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർടം റിപോർടിൽ ഇടുപ്പെല്ലിന് പൊട്ടലുണ്ടായതാണ് മരണകാരണമെന്ന് പറയുന്നു.
മകന്റെ ശരീരത്തിൽ കണ്ട പാടുകൾ മരണത്തിൽ സംശയങ്ങൾ വർധിപ്പിക്കുന്നതായി സകീന മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും നൽകിയ പരാതി പറഞ്ഞിരുന്നു. ആസിഫിന്റെ ശരീരത്തിൽ കണ്ട പാടുകളും ടിപർ ലോറിയിൽ നിന്ന് പൊലീസ് ലാത്തിയുടെ കഷ്ണം കണ്ടെത്തിയതും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നുവെന്നും മാതാവ് ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസിനെതിരെ കൂടി സംശയമുന ഉയർന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്.
#AsifDeath #CrimeBranchInvestigation #Kasargod #KeralaPolice #SuspiciousDeath #JusticeForAsif