പ്രമാദമായ മുത്തലിബ് വധം; പ്രതിയെ കോടതി വെറുതെ വിട്ടു; വെടിവെച്ചും വെട്ടിയും കൊന്നത് ഭാര്യയുടെ കൺമുന്നിൽ വെച്ച്

● അബ്ദുൽ മുത്തലിബിനെ 2013 ഒക്ടോബർ 24-നാണ് കൊലപ്പെടുത്തിയത്.
● കൊലപാതകം നടന്നത് ഉപ്പള മണ്ണംകുഴിയിലെ ഫ്ലാറ്റിന് സമീപത്താണ്.
● സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
● ഒന്നാം പ്രതി കാലിയ റഫീഖ് വിചാരണയ്ക്ക് മുമ്പ് കൊല്ലപ്പെട്ടിരുന്നു.
● രണ്ടാം പ്രതി ശംസുദ്ദീനെ നേരത്തെ ശിക്ഷിച്ചിരുന്നു.
കാസർകോട്: (KasargodVartha) ഉപ്പള പത്വാടി സ്വദേശിയും മണ്ണംകുഴിയിലെ ഫ്ലാറ്റിൽ താമസക്കാരനുമായിരുന്ന അബ്ദുൽ മുത്തലിബിനെ (38) വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ, അഞ്ചാം പ്രതിയെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (3) കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. കർണാടക ഭദ്രാവതി സ്വദേശിയായ സയ്യിദ് ആസിഫിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്.
2013 ഒക്ടോബർ 24-ന് രാത്രി പതിനൊന്ന് മണിയോടെ ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിന്റെ ഫ്ലാറ്റിന് സമീപത്ത് വെച്ചാണ് ക്രൂരവും മൃഗീയവുമായ ഈ കൊലപാതകം നടന്നത്.
ഗാങ് വാറിനിടെ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ കാലിയ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം കുടിപ്പക മൂലം വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി എന്നാണ് പോലീസ് ഭാഷ്യം. നിലവിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി പ്രവർത്തിക്കുന്ന സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഇതോടൊപ്പം പ്രതിഭാഗം ഹാജരാക്കിയ തെളിവുകളും കോടതി മുഖവിലക്കെടുത്തതോടെയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കുവേണ്ടി അഡ്വ. രഞ്ജിത്ത് കുണ്ടാർ ഹാജരായി.
കേസിലെ ഒന്നാം പ്രതിയായിരുന്ന കാലിയ റഫീഖ് വിചാരണ നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതി ശംസുദ്ദീനെ കോടതി നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.
മൂന്ന്, നാല് പ്രതികളായ മുഹമ്മദ് റഫീഖ്, മൻസൂർ അഹമ്മദ് എന്നിവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. അഞ്ചാം പ്രതിയെ കണ്ടുകിട്ടാതിരുന്നതിനെ തുടർന്നാണ് ഈ കേസിന്റെ വിചാരണ നീണ്ടുപോയത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Fifth accused acquitted in Muthalib murder case by Kasaragod court.
#MuthalibMurderCase #Kasaragod #CourtVerdict #MurderCase #KeralaNews #CrimeNews