Attack | 'വീട്ടിൽ അതിക്രമിച്ച് കയറി മുസ്ലിം ലീഗ് നേതാവിനെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തലങ്ങും വിലങ്ങും കുത്തി'; ഓടിക്കൂടിയവർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിച്ചു
● മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് കമിറ്റി ജോയിന്റ് സെക്രടറി ഹനീഫിനാണ് പരുക്കേറ്റത്
● 5000 രൂപ നൽകാത്തതിന്റെ പ്രതികാരമായിരുന്നു ആക്രമണം എന്നാണ് പരാതി
● ഹനീഫിനെ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബദിയഡുക്ക: (KasargodVartha) മുസ്ലിം ലീഗ് നേതാവിനെ വീട്ടിൽ അതിക്രമിച്ച് കയറി സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അക്രമിച്ചതായി പരാതി. പ്രതിയെ പ്രദേശവാസികൾ പിടികൂടി പൊലീസിൽ ഏൽപിച്ചു. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത് കമിറ്റി ജോയിന്റ് സെക്രടറി ഒ പി ഹനീഫിനെ (48) യാണ് അക്രമിച്ചത്. സംഭവത്തിൽ ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരീഫിനെ (52) യാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്ച വൈകുന്നേരം 6.15 മണിയോടെ നെക്രാജെ ചന്ദ്രംപാറയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ശരീഫ് തല, പള്ള, കൈ, വയറ്, തോൾ എന്നിവിടങ്ങളില്‍ കുത്തി പരുക്കേൽപിക്കുകയായിരുന്നുവെന്നാണ് കേസ്. സാരമായി പരുക്കേറ്റ ഹനീഫിനെ ഓടിക്കൂടിയവർ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശരീഫിനെ വീട്ടിൽ കയറ്റാറില്ലായിരുന്നുവെന്നും താനാണ് തന്റെ വീടിന് സമീപം താമസിപ്പിച്ച് നേരെയാക്കാൻ നോക്കിയതെന്നും കുത്തേറ്റ ഹനീഫ് കാസർകോട് വാർത്തയോട് പറഞ്ഞു
തിങ്കളാഴ്ച ശരീഫ് തന്നോട് 5000 രൂപ ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണം എന്ന് ചോദിച്ചതിന് വ്യക്തമായ മറുപടി നൽകിയില്ല. പണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ കാണിച്ച് തരാമെന്ന് പറഞ്ഞാണ് പോയത്. പിറ്റേന്ന് വൈകീട്ട് വീട്ടിൽ കോളിംഗ് ബെൽ അടിച്ച ശബ്ദം കേട്ട് പുറത്തിറങ്ങിയ ഉടനെ ശരീഫ് കയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് തലങ്ങും വിലങ്ങും കുത്തുകയായിരുന്നുവെന്ന് ഹനീഫ് പറഞ്ഞു.
ഓടിക്കൂടിയവർ ശരീഫിനെ തടഞ്ഞുവെച്ച് ബദിയഡുക്ക പൊലീസിൽ ഏൽപിക്കുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Kerala #MuslimLeague #attack #crime #arrest #politics #Badhiya #Hanif #Sharif