Arrest | 'പൂച്ചക്കാട്ടെ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമെന്ന് വ്യക്തമായി'; മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന യുവതിയും ഭർത്താവും 2 സ്ത്രീകളും അടക്കം 4 പേർ അറസ്റ്റിൽ; കൊലപാതകം സ്വർണത്തിന് വേണ്ടിയെന്ന് സൂചന

● പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തി.
● സ്വർണം കൊള്ളയടിച്ചുവെന്ന് പൊലീസ് കണ്ടെത്തി.
കാസർകോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുൽ റഹ്മയിലെ എം സി അബ്ദുല്‍ ഗഫൂർ ഹാജി ( 55) യുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന യുവതിയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു.
മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിൻ്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (40) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ പി ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ പൊലീസ് ടീം അറസ്റ്റ് ചെയ്തത്..
സ്വർണം കൈക്കലാക്കിയ ശേഷം പ്രവാസി വ്യവസായിയെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വർണം മൂന്നോളം ജ്വല്ലറികളിൽ വിറ്റതായി പറയുന്നുണ്ട്. ജില്ലയിലെ ചില സ്വർണ വ്യാപാരികളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ടെന്നും പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
2023 ഏപ്രിൽ 14ന് നടന്ന കൊലപാതകത്തിൽ ഒടുവിൽ അന്വേഷണം നടത്തിയത് ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ പി ഷൈൻ്റെയും നേതൃത്വത്തിലായിരുന്നു. കർമസമിതിയുടെ നേതൃത്വത്തിൽ സംഭവത്തിൽ നടന്ന ഇടപെടലുകളാണ് ഈ കേസ് തെളിയിക്കപ്പെടാൻ കഴിഞ്ഞത്. ഗഫൂർ ഹാജിയുടെ കുടുംബാംഗങ്ങളും കർമസമിതിയും നാട്ടുകാരും ഉൾപ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
പിതാവിന്‍റെ മരണത്തിലും, ആഭരണങ്ങൾ കാണാതായതിന് പിന്നിലും ആഭിചാരക്രിയ നടത്തുന്ന യുവതിയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂർ ഹാജിയുടെ മകൻ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിച്ചത്. യുവതിയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അകൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തിയതായി വിവരമുണ്ട്. ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. .
ചോദ്യം ചെയ്യലിൻ്റെ പേരിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ത്തി യുവതിയുടെ സഹായികള്‍ അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് കർമസമിതി പ്രവർത്തകർ വ്യക്തമാക്കി. വീഡിയോ ചിത്രീകരണമടക്കം സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാണ് സംശയമുള്ളവരെ ചോദ്യം ചെയ്തതെന്ന് വ്യക്തമാക്കി ആരോപണങ്ങൾ പൊലീസ് തള്ളിയിരുന്നു. വാടക ക്വാർടേഴ്സിൽ താമസിക്കുന്ന സഹായികളിൽ ചിലർ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹന വായ്പ തീര്‍ത്തതും യുവതിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊകേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതും അടക്കമുള്ള തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചതായി വിവരമുണ്ട്.
മരിച്ചയാളും യുവതിയും തമ്മിൽ കൈമാറിയ വാട്സ് ആപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. നഷ്ടപ്പെട്ട 596 പവൻ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികളാണ് അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുള്ളത്. മരിച്ച ഗഫൂർ ഹാജിയിൽ നിന്നും യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിൻ്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അരലക്ഷത്തിലധികം സ്വർണ നിറമുള്ള ഈയ കടലാസിലെഴുതിയ ആഭിചാര തകിടിന് ഇരയില്‍ നിന്നും ഈ സംഘം 55,000 രൂപ ഈടാക്കി വന്നതടക്കമുള്ള വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
യുവതിക്ക് നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളതായും പൊലീസ് കണ്ടെത്തിരുന്നു. ഹണിട്രാപിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം യുവതിയും ഭർത്താവും റിമാൻഡിലായിരുന്നു. ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലും യുവതി നേരത്തേ റിമാൻഡിലായിരുന്നു. ഗഫൂർ ഹാജിയുടെ വീട്ടിൽ ആഭിചാര ക്രിയ നടത്തിയാണ് യുവതിയും ഭർത്താവും ഇദ്ദേഹത്തിൻ്റെ വീടുമായി അടുത്തത്.
മന്ത്രവാദവും കൂടോത്രം കുഴിച്ചെടുക്കലും മന്ത്രതകിട് കെട്ടുന്നതുമൊക്കെ പാതിരാത്രിയിലാണ് നടത്തി വന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മലയാളം സംസാരിക്കുന്ന കർണാടകകാരിയായ പാത്തുട്ടി എന്ന പെൺകുട്ടിയുടെ ആത്മാവ് പ്രവേശിച്ച് മന്ത്രവാദിനി ഉറഞ്ഞു തുള്ളി പരിഹാരക്രിയകൾ നിർദേശിക്കുമെന്നും ആഭിചാര ക്രിയ കഴിയുമ്പോള്‍ തട്ടിപ്പ് സംഘം ഇരയിൽ നിന്നും സ്വർണാഭരണങ്ങൾ അടക്കം ലക്ഷങ്ങൾ കൈക്കലാക്കി വന്നിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഗൾഫില്‍ നിരവധി സൂപർ മാർകറ്റുകളും മറ്റ് സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന ഗഫൂർ ഹാജിയെ കഴിഞ്ഞ വർഷം റമദാൻ മാസത്തിലെ 25-ാം നാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ മാറ്റാരുമില്ലാത്ത രാത്രിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുണ്യ മാസത്തിലെ 25-ാം നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്ന് തന്നെ മൃതദേഹം ഖബറടക്കിയിരുന്നു. പിന്നീട് ഗഫൂര്‍ ഹാജി വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുകയും സ്വർണത്തിൻ്റെ കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് ആകെ 596 പവന്‍ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു..
പന്തികേട് തിരിച്ചറിഞ്ഞ് മകന്‍ മകൻ മുസമ്മിൽ പിന്നാലെ പൊലീസിലും മുഖ്യമന്ത്രിക്കടക്കമുള്ള മറ്റ് അധികാരികൾക്കും പരാതി നല്‍കിയതോടെ ബേക്കൽ പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തുകയുമായിരുന്നു. 2023 എപ്രില്‍ 27-ന് ഖബറിടത്തില്‍ നിന്നും ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർടം നടത്തിയിരുന്നു.തലയ്ക്ക് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റ് മോർടത്തിൽ കണ്ടെത്തിയിരുന്നു.
#KeralaCrime #MurderMystery #GoldRobbery #BlackMagic #JusticeForGafoorHaji