Court Verdict | ഭർത്താവിൻ്റെ അമ്മയെ കഴുത്ത് ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കിയെന്ന കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം രൂപ പിഴയും
കാസർകോട്: (KasargodVartha) ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും തലയിണ കൊണ്ട് മുഖം അമർത്തിയും നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്ന (Murder) കേസിൽ (Case) മരുമകളെ ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി (Court) ശിക്ഷ വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷൻ (Bedakam Police Station) പരിധിയിലെ പി അംബിക (49) യെയാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. ശനിയാഴ്ചയാണ് അംബികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയും അംബികയുടെ ഭർത്താവുമായ കമലാക്ഷ, മൂന്നാം പ്രതിയായ മകൻ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2014 സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മ (65) യെയാണ് കൊലപ്പെടുത്തിയത്. അമ്മാളു അമ്മയെ വീടിന്റെ ചായിപ്പില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മരണത്തില്‍ മറ്റുബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ് മോര്‍ടത്തിലാണ് മരണം കൊലപാതകാണെന്ന് തെളിഞ്ഞത്.
വീടിൻ്റെ ചായ്പ്പിൽ കിടന്നുറങ്ങുകയായിരുന്ന അമ്മാളു അമ്മയെ മകൻ്റെ ഭാര്യയായ അംബിക കൊലപ്പെടുത്തുകയും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മറ്റ് പ്രതികളുടെ സഹായത്തോടെ മൃതദേഹം വീടിൻ്റെ ചായ്പ്പിൽ കെട്ടി തൂക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താലും, ഭക്ഷണം നൽകാത്തതും, ടി വി കാണാൻ അനുവദിക്കാത്തതും പ്രദേശവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
പ്രതിഭാഗം പ്രശസ്ത ഫോറൻസിക് സർജനായ ഡോ. ഷേർളി വാസുവിനെ വിസ്തരിക്കാൻ ആവശ്യപ്പെട്ടിരുന്ന നിർണായക കേസിലാണ് വിധി പ്രതിക്കെതിരായത്. പോസ്റ്റ് മോർടം നടത്തി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് കണ്ണൂർ മെഡികൽ കോളജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. എസ് ഗോപാലകൃഷ്ണപിള്ളയാണ്. ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം എസ്ഐ ആയിരുന്ന കെ ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്പെക്ടറായിരുന്ന എ സതീഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.