Arrest | അപാർട്മെന്റിൽ താമസിച്ചുവന്ന കൊലക്കേസ് പ്രതിയായ യുവതിയിൽ നിന്നും കഞ്ചാവ് പിടികൂടി
പയ്യന്നൂർ റേൻജ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കരിവെള്ളൂർ: (KasargodVartha) അപാർട്മെന്റിൽ താമസിച്ചു വന്ന കൊലക്കേസ് പ്രതിയായ യുവതിയിൽ നിന്നും കഞ്ചാവ് പിടികൂടി. കോട്ടയം സ്വദേശി കെ ശിൽപ (30) യാണ് പിടിയിലായത്. കരിവെള്ളൂർ ആണൂരിലെ ശിവദം അപാർട്മെന്റിൽ എക്സൈസ് പയ്യന്നൂർ റേൻജ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വയസുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശിൽപയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. അഞ്ച് ഗ്രാം കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്. ഇവർക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു. പയ്യന്നൂർ റേൻജ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ശശി ചേണിച്ചേരി, ടി വി കമലാക്ഷൻ, കെ എം ദീപക്, സിവിൽ എക്സൈസ് ഓഫീസർ ശരത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ജസ്ന പി ക്ലമന്റ്, എക്സൈസ് ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു. ഇവർക്ക് കഞ്ചാവ് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് എക്‌സൈസ് വൃത്തങ്ങൾ നൽകുന്ന സൂചന.
#drugseizure #murdercase #kerala #cannabis #arrest #excise #kasaragod