Court Verdict | കുഴൽകിണർ കുഴിക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ കൊലപാതകം; 3 സഹോദരങ്ങൾ അടക്കം 4 പ്രതികൾക്ക് 18 വർഷം കഠിന തടവ്
പിഴയടച്ചില്ലെങ്കിൽ നാലു വർഷം വീതം അധിക തടവും അനുഭവിക്കണം.
കാസർകോട്: (KasaragodVartha) രാവണീശ്വരത്ത് ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ അടക്കം നാല് പ്രതികൾക്ക് 18 വർഷം കഠിന തടവും എട്ട് ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. അജാനൂര്‍ രാവണീശ്വരം പാടിക്കാനത്തെ കുമാരന്‍ (50) കൊല്ലപ്പെട്ട കേസിലാണ് സഹോദരങ്ങളായ ശ്രീധരന്‍ (57), നാരായണന്‍ (49), പത്മനാഭൻ (64), പത്മനാഭൻ്റെ മകനായ സന്ദീപ് (34) എന്നിവരെ കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലു വർഷം വീതം അധിക തടവും അനുഭവിക്കണം.
ഡിസംബര്‍ 31നു രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപമുള്ള സ്ഥലത്ത് കുമാരന് വേണ്ടി കുഴൽകിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് കുമാരനും സഹോദരങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. കുഴൽകിണർ കുഴിക്കാൻ വന്ന വണ്ടി പ്രതികൾ തടഞ്ഞ് തിരിച്ചയച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഡിസംബര്‍ 31ന് രാത്രി 11 മണിയോടെ സഹോദരങ്ങൾ വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയിൽ പ്രതികൾ കുമാരനെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യ വത്സല, മകൻ പ്രസാദ് എന്നിവരെ കുത്തി ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്തുവെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി 27 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, മുൻ പ്രോസിക്യൂടറായ കെ ബാലകൃഷ്ണനും ഹാജരായി. ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹൊസ്ദുർഗ് ഇൻസ്പെക്ടറായിരുന്ന സി കെ സുനിൽ കുമാറാണ്. പിഴ തുക മരണപ്പെട്ട കുമാരൻ്റെ ആശ്രിതർക്ക് നൽകാനും കൂടാതെ അർഹമായ നഷ്ടപരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.