ഫാൻ ഫൈറ്റ് അതിരുവിട്ടു; പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 19-കാരൻ അറസ്റ്റിൽ
● വ്യാജ അക്കൗണ്ടുകൾ വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
● പ്രതിയെ കണ്ടെത്തിയത് മുംബൈയിലെ തിരക്കേറിയ ചേരിയിൽ നിന്നാണ്.
● പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാസർകോട്: (KasargodVartha) സെലിബ്രിറ്റികളുടെ 'ഫാൻ ഫൈറ്റ്' വഴിയുള്ള വൈരാഗ്യത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച 19-കാരനെ കാസർകോട് സൈബർ ക്രൈം പോലീസ് മുംബൈയിൽ നിന്ന് പിടികൂടി.
അംജദ് ഇസ്‌ലാം (19) ആണ് കേസിൽ പിടിയിലായത്. യുവാവിന്റെ കുടുംബത്തിന്റെ ഫോട്ടോ കൈക്കലാക്കി, പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം സൃഷ്ടിച്ച് ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ചതായാണ് പരാതി.
2025 ജൂലൈ 11-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, കാസർകോട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരവും ഐ.ടി. ആക്ട് പ്രകാരവും 16/25 എന്ന നമ്പറിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവി ബി.വി. വിജയഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ വിപിൻ യു.പി.യുടെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘം മുംബൈയിലേക്ക് തിരിച്ചു.
പ്രതി താമസിക്കുന്ന ചേരി മേഖല കിലോമീറ്ററുകളോളം വ്യാപിച്ചുകിടന്നിരുന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയായി. രണ്ടുദിവസം നിരീക്ഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ പുതിയ ലൊക്കേഷൻ കണ്ടെത്തി, 60 കിലോമീറ്റർ അകലെയുള്ള തിരക്കേറിയ പ്രദേശത്ത് പോലീസ് സംഘം എത്തിച്ചേർന്നു. മൊബൈൽ ഫോൺ ലൊക്കേഷൻ പോലും കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിൽ, അഞ്ചു ദിവസത്തെ ശ്രമത്തിനൊടുവിലാണ് പ്രതിയെ താമസസ്ഥലത്തുനിന്ന് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ വിപിൻ യു.പി., എസ്.ഐ. രവീന്ദ്രൻ മടിക്കൈ, എ.എസ്.ഐ. രഞ്ജിത് കുമാർ പി., എസ്.സി.പി.ഒ.മാരായ സവാദ് അഷ്‌റഫ്, സുരേഷ് ടി.വി., സി.പി.ഒ. ഹരിപ്രസാദ് കെ.വി. എന്നിവരുണ്ടായിരുന്നു.
ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: A 19-year-old arrested in Mumbai for morphing minor girl's images.
#CyberCrime #KeralaPolice #MumbaiArrest #FanFight #SocialMedia #Kasaragod






