പള്ളി കള്ളൻ പിടിയിൽ: 1200 കിലോമീറ്റർ പിന്തുടർന്ന് കാസർകോട് പോലീസ്!
● സിസിടിവി ദൃശ്യങ്ങൾ തുണയായി.
● കേരളത്തിലെ വിവിധ പള്ളികളിൽ മോഷണം നടത്തിയിട്ടുണ്ട്.
● മോഷ്ടിച്ച പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു.
● പോലീസ് സംഘത്തെ അഭിനന്ദിച്ച് മോഷ്ടാവ്.
കാസർകോട്: (KasargodVartha) ചൂരിയിലെ സലഫി മസ്ജിദിൽ കവർച്ച നടത്തിയ മോഷ്ടാവ് ഒടുവിൽ ഹൈദരാബാദിൽ വെച്ച് പോലീസിന്റെ പിടിയിലായി. ആന്ധ്രാപ്രദേശും ഒഡീഷയും അതിർത്തി പങ്കിടുന്ന വെസ്റ്റ് ഗോദാവരി ജില്ലയിലെ മുഹമ്മദ് സൽമാൻ അഹമ്മദിനെയാണ് (34) കാസർകോട് ടൗൺ പോലീസ് 1200 കിലോമീറ്ററോളം ദൂരം പിന്തുടർന്ന് സാഹസികമായി പിടികൂടിയത്.
അകത്ത് കയറുമ്പോൾ കാൽ കഴുകുകയും ആരെങ്കിലും കണ്ടാൽ നിസ്‌കരിച്ച് മടങ്ങുകയും ചെയ്യുന്ന പ്രത്യേക സ്വഭാവക്കാരനായ ഇയാൾക്കെതിരെ സമാനമായ നിരവധി കവർച്ചാ കേസുകളാണ് നിലവിലുള്ളത്. വെൽഡിങ് തൊഴിലാളിയായ സൽമാൻ അഹമ്മദ് പള്ളികളിൽ മാത്രമാണ് മോഷണം നടത്തുന്നത്.

കഴിഞ്ഞ ജൂൺ 24-ന് (2025) രാവിലെ 08.00-നും 08.30-നും ഇടയിലുള്ള സമയത്താണ് കാസർകോട്ടെ സലഫി മസ്ജിദിൽ നിന്ന് 3.10 ലക്ഷം രൂപയും 2 പവൻ സ്വർണ്ണവും കവർന്നത്. ജൂൺ 29-ന് വൈകീട്ട് പള്ളിയുടെ ആവശ്യത്തിനായി പണം എടുക്കാൻ അലമാര തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മോഷ്ടാവിന്റെ ചിത്രം പോലീസിന് ലഭിച്ചത്. പള്ളിയിൽ കയറുന്നതും പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതും അടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് പോലീസ് ഇയാൾക്ക് പിന്നാലെ നീങ്ങിയത്. പള്ളിയുടെ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് മഷൂദിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കണ്ണൂർ പാനൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് കസബ, എലത്തൂർ പോലീസ് സ്റ്റേഷൻ പരിധികളിലെ പള്ളികളിൽ മോഷണം നടത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. മറ്റ് നിരവധി സംഭവങ്ങളിലും പള്ളി കമ്മിറ്റികൾക്ക് പണം നഷ്ടപ്പെട്ടുവെങ്കിലും പരാതിയില്ലാത്തതിനാൽ കേസുകൾ ഉണ്ടായിരുന്നില്ല.
കവർച്ച ചെയ്ത പണം ഉപയോഗിച്ച് കോഴിക്കോട്ടെ ബാറിൽ കൂട്ടുകാരുമൊത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ബാർ ജീവനക്കാർക്ക് 500 രൂപയും 1000 രൂപയുമൊക്കെയാണ് ഇയാൾ ടിപ്പായി നൽകിയിരുന്നത്.
കാസർകോട്ടെ കവർച്ചയ്ക്ക് ശേഷം നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവിനെ 1200 കിലോമീറ്റർ പിന്തുടർന്ന് ആന്ധ്ര-ഒഡീഷ അതിർത്തിയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പെരുമ്പാലം ബീച്ചിൽ കൂട്ടുകാരോടൊപ്പം ആഘോഷിച്ച് നിൽക്കുമ്പോഴാണ് കാസർകോട് പോലീസ് സംഘം കണ്ടെത്തിയത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. കുടുങ്ങിയെന്ന് മനസ്സിലായപ്പോൾ, ‘കേരള പോലീസ് സൂപ്പർ ആണെന്നും എങ്ങനെ തന്നെ തിരക്കി ഇവിടെയെത്തി’ എന്നും അത്ഭുതത്തോടെയുള്ള യുവാവിന്റെ ചോദ്യം പോലീസുകാരെ ചിരിപ്പിച്ചു.
കോഴിക്കോട്ടുനിന്ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി നടന്നുപോയാണ് ചൂരിയിലെ പള്ളിയിൽ ഇയാൾ കവർച്ച നടത്തിയത്. തിരികെ കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് തന്നെ എത്തിയെങ്കിലും ആ സമയത്ത് ട്രെയിൻ ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി. ബസിലാണ് കോഴിക്കോട്ടേക്ക് തിരിച്ചുപോയത്.
എല്ലായിടത്തും നടന്നുപോയി കവർച്ച നടത്തുകയെന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. കണ്ണൂർ ജില്ലയിലെ പാനൂരിൽ പതിനാല് കിലോമീറ്റർ നടന്നുപോയാണ് ഇയാൾ മോഷണം നടത്തിയത്.
കാസർകോട് ഡിവൈഎസ്പി സി.കെ. സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കാസർകോട് ഇൻസ്പെക്ടർ നളിനാക്ഷൻ, എസ്.ഐ. അൻസാർ എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ. ജോജോ ജോർജ്, സതീശൻ ചീമേനി, രതീഷ് പെരിയ, ജെയിംസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ സാഹസികമായ മോഷണക്കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Mosque thief caught in Hyderabad after 1200 km chase by Kasaragod Police.
#KasaragodPolice #MosqueThief #HyderabadArrest #KeralaPolice #CrimeNews #PoliceChase






