മൊഗ്രാൽ കലോത്സവം: വിദ്യാർത്ഥികളെ തല്ലിയ സംഭവം പോലീസിന് കുരുക്കായി; എ എസ് പി അന്വേഷണം തുടങ്ങി
● പരിക്കേറ്റ വിദ്യാർത്ഥി കാസർകോട് ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
● പരാതി നൽകുമെന്നറിഞ്ഞ് ചികിത്സ തേടിയ വിദ്യാർത്ഥിക്കെതിരെ പോലീസ് വ്യാജമായി കേസെടുത്തതായി ഗുരുതരമായ ആരോപണം.
● നീതി തേടി വിദ്യാർത്ഥി ജില്ലാ പോലീസ് മേധാവിക്കും പോലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും പരാതി നൽകി.
● പോലീസ് നടപടി വിവാദമായതോടെ എഎസ് പി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവ സമാപനത്തിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചപ്പോൾ സ്ഥലത്തെത്തിയ പോലീസ് വിദ്യാർത്ഥികളെ അടിച്ചോടിച്ചതും, വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം കുമ്പള പോലീസിന് കുരുക്കായി മാറുന്നു. പോലീസിനെതിരെ വിദ്യാർത്ഥി ജില്ലാ പോലീസ് മേധാവിക്കും, പോലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും പരാതി നൽകിയതോടെ എഎസ് പി അന്വേഷണം ആരംഭിച്ചു.
സ്കൂൾ പരിസരത്തും മൊഗ്രാൽ ടൗണിലും കൂട്ടംകൂടി സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെയാണ് പോലീസ് അടിച്ചോടിച്ചത്. എന്നാൽ സംഘർഷത്തിൽ ഭാഗമല്ലാത്ത നിരപരാധികളായ വിദ്യാർത്ഥികളെയാണ് പോലീസ് ലാത്തികൊണ്ട് അടിച്ചോടിച്ചതെന്ന് ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇതിന് തെളിവായി വിദ്യാർത്ഥികൾ എടുത്ത വീഡിയോ ദൃശ്യങ്ങളും, നാട്ടുകാരുടെ മൊഴിയും നിലവിലുണ്ട്.
പോലീസ് അതിക്രമത്തിൽ സാരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി കാസർകോട് ഗവർമെൻ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോലീസിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകുമെന്നറിഞ്ഞ കുമ്പള പോലീസ്, ചികിത്സ തേടിയ വിദ്യാർത്ഥിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വ്യാജമായി കേസെടുത്തുവെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള ഗുരുതരമായ പരാതി. പോലീസ് നടപടി വിവാദമായതോടെ പ്രസ്തുത വിദ്യാർത്ഥി നീതി തേടി ജില്ലാ പോലീസ് മേധാവിക്കും, പോലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും പരാതി നൽകുകയായിരുന്നു.
കലോത്സവ സമാപനത്തിൽ അടി ഉണ്ടാക്കുക എന്നത് ഒരു 'ട്രെൻഡായി' വിദ്യാർത്ഥികൾ മാറ്റുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്. നാട്ടുകാരും പിടിഎയും ഈ ആക്ഷേപം ശരിവയ്ക്കുന്നുണ്ടെങ്കിലും, വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ച നടപടി ശരിയായില്ലെന്ന് ഇവർ പറയുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് നേരത്തെ തന്നെ പോലീസിൻ്റെ സാന്നിധ്യം പിടിഎ കമ്മിറ്റി അഭ്യർത്ഥിച്ചിരുന്നതാണ്. പോലീസ് നടപടി വിവാദമായതോടെയും, ദൃശ്യമാധ്യമങ്ങൾ ഇത് ഏറ്റെടുത്തതോടെയും, വിദ്യാർത്ഥിയുടെ പരാതിയിൽ എഎസ് പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.
Article Summary: ASP investigates alleged police brutality against students at Mogral Kalotsavam.
#Mogral #PoliceBrutality #StudentClash #ASPInvestigation #KumblaPolice #KasargodVartha






