മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള അടി നിയന്ത്രിക്കാൻ പൊലീസെത്തി; 10 വിദ്യാർഥികൾക്ക് സസ്പെൻഷൻ
● സ്കൂളിൽ ഒരുമാസത്തോളമായി പ്രധാനാധ്യാപകനില്ലാത്തത് അച്ചടക്കത്തെ ബാധിച്ചു
● ഭൂരിഭാഗം അധ്യാപകരും സെൻസസ് ഡ്യൂട്ടിയിലായതിനാൽ ക്ലാസുകൾ പ്രതിസന്ധിയിൽ
● വിദ്യാഭ്യാസ വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പിടിഎയുടെ ആവശ്യം
മൊഗ്രാൽ: (KasargodVartha) മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഒരുമാസത്തോളമായി പ്രധാനാധ്യാപകനില്ലാത്തത് സ്കൂളിലെ അച്ചടക്കത്തെയും ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി പരാതി. പ്രധാനാധ്യാപകന് പുറമെ യുപി, എൽപി, ഹൈസ്കൂൾ ക്ലാസുകളിലെ നിരവധി അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലായതോടെ സ്കൂളിന് നാഥനില്ലാത്ത അവസ്ഥയായി.
വിദ്യാർഥികൾ തമ്മിൽ സംഘർഷം
കഴിഞ്ഞദിവസം പത്താം ക്ലാസിലെ മുഴുവൻ ഡിവിഷനിലെയും കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനകത്ത് ചേരിതിരിഞ്ഞ് അടിയുണ്ടാക്കിയത് വലിയ സംഘർഷത്തിന് കാരണമായിരുന്നു. അധ്യാപകർക്കും പിടിഎയ്ക്കും നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ സ്കൂൾ അധികൃതർ കുമ്പള പൊലീസിൻ്റെ സഹായം തേടുകയായിരുന്നു.
പൊലീസെത്തി വിദ്യാർഥികളെ വിരട്ടിയോടിച്ച് സംഘർഷം നിയന്ത്രണ വിധേയമാക്കി. സംഘർഷത്തിലേർപ്പെട്ട വിദ്യാർഥികളാരും പരാതി നൽകാൻ മുന്നോട്ടുവന്നതുമില്ല. ഇതേത്തുടർന്ന് സ്കൂൾ അധികൃതരും പിടിഎയും ചേർന്ന് സംഘർഷത്തിലേർപ്പെട്ട കണ്ടാലറിയാവുന്ന 10 വിദ്യാർഥികളെ അഞ്ച് ദിവസത്തേക്ക് സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പിടിഎയ്ക്ക് തലവേദന
ജില്ലയിൽ വിവിധ സ്കൂളുകളിൽ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടയിലാണ് സ്കൂളുകളിൽ നാഥനില്ലാത്ത അവസ്ഥയും അച്ചടക്കമില്ലായ്മയും റിപ്പോർട്ട് ചെയ്യുന്നത് പിടിഎയ്ക്ക് തലവേദനയായിട്ടുള്ളത്. പഠിപ്പിക്കാൻ അധ്യാപകരില്ലാത്ത സമയത്ത് വിദ്യാർഥികൾ ക്ലാസിൽ നിന്ന് പുറത്തിറങ്ങുന്ന അവസ്ഥയുണ്ട്. ഇതാണ് ചേരിതിരിഞ്ഞുള്ള അടിക്ക് കാരണമാകുന്നതെന്നാണ് പറയുന്നത്.
അടിയന്തര ഇടപെടൽ വേണം
സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ നാലായിരത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതിൽ കൂടുതലും എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിലാണ്. ഇതിനിടയിലാണ് ഉള്ള അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയും നൽകിയിരിക്കുന്നത്.
പ്രധാനാധ്യാപക നിയമനം വൈകുന്നത് സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് പിടിഎ ഭാരവാഹികൾ പറയുന്നു. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് പിടിഎയുടെ ആവശ്യം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും പങ്കുവെക്കുക. പുതിയ അപ്ഡേറ്റുകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: 10 students suspended after clash at Mogral school due to lack of teachers.
#Mogral #KasaragodNews #SchoolClash #KeralaNews #LocalNews #Education #AparnaNews






