Terror Attack | ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഖര്‍ഗെ
ന്യൂഡെല്‍ഹി: (KasargodVartha) ജമ്മു കശ്മീരിലെ (Jammu and Kashmir) കത്വയില്‍ (Kathua) ഭീകരരും (Terrorist) സൈന്യവുമുണ്ടായ (Soldiers) ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൂടി വീരമൃത്യു (Martyr) വരിച്ചു. ഇതോടെ ജവാന്മാരുടെ മരണം അഞ്ചായി. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് (Machedi Area) തിങ്കളാഴ്ച (07.07.2024) ഭീകരാക്രമണമുണ്ടായത്.
വൈകിട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് വിവരം. സൈന്യം തിരിച്ചടിക്കുകയും മേഖലയിലേക്ക് കൂടുതല്‍ സൈനികരെത്തുകയും ചെയ്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
കത്വയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത് അതിര്‍ത്തി കടന്നെത്തിയ ഭീകരരാണെന്ന് നിഗമനം. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ഇവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ സംഘം വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തി. ഈ മാസം നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിതെന്നും കശ്മീരില്‍ സ്ഥിതി നാള്‍ക്കുനാള്‍ മോശമാകുകയാണെന്നും ഖര്‍ഗെ പറഞ്ഞു. വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലും കൊണ്ട് മോദി സര്‍കാര്‍ ജമ്മുകശ്മീരില്‍ ദുരന്തമായി മാറിയെന്ന വസ്തുത മറച്ചുവെക്കാനാകില്ല. പ്രശസ്തി ലക്ഷ്യമിട്ടുള്ള മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ദുരന്തമായി മാറുന്നുവെന്നും ഖര്‍ഗെ പറഞ്ഞു. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയാണ്. ഭീകരതയ്‌ക്കെതിരെ രാജ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി അതീവ ദു:ഖം രേഖപ്പെടുത്തി. ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുറന്നടിച്ചു. പൊള്ളയായ പ്രസംഗങ്ങളില്‍ നിന്നും വ്യാജ വാഗ്ദാനങ്ങളില്‍ നിന്നുമല്ല, ശക്തമായ നടപടികളാണ് പരിഹാരമെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്രസര്‍കാര്‍ ജമ്മു കാശ്മീരില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും, അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞെന്നും കെ സി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു.
കഴിഞ്ഞ ദിവസം രജൗരി, കുല്‍ഗാം മേഖലകളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നതായി സൈന്യം അറിയിച്ചു.