Missing Case | പൊലീസിന് നിരന്തരം ഊമക്കത്തുകൾ; 15 വർഷം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് സെപ്റ്റിക് ടാങ്കില്‍ നിന്നും
മൃതദേഹം കലയുടേതെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്
ആലപ്പുഴ: (KasargodVartha) മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കല എന്ന യുവതിയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കലയെ കൊലപ്പെടുത്തി ഭർത്താവായ അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയതായി ബന്ധുക്കൾ ആരോപിക്കുന്നു. 2009-ൽ ആണ് യുവതിയെ വീട്ടിൽ നിന്ന് കാണാതായത്. അന്നുമുതൽ കലയെ കുറിച്ച് ഒരു വിവരവും ലഭ്യമായിരുന്നില്ല.
മൃതദേഹാവശിഷ്ടങ്ങൾ കലയുടേതാണെന്ന് സ്ഥിരീകരിക്കാൻ ഫോറൻസിക് പരിശോധന നടക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിനായി പൊലീസ് സംഘം രൂപവത്കരിച്ചിട്ടുണ്ട്. കലയുടെ ഭർത്താവ് അനിൽ ഇസ്രാഈലിൽ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അന്യസമുദായത്തിൽപ്പെട്ട കലയുമായുള്ള വിവാഹത്തിന് അനിലിൻ്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനാൽ ഇവർ കുടുംബവുമായി വേർപിരിഞ്ഞായിരുന്നു താമസം. വിവാഹശേഷം ഭർത്താവ് അംഗോളയിൽ ജോലിക്ക് പോയിരുന്നു. പിന്നീട് ദാമ്പത്യത്തിൽ തർക്കങ്ങൾ ഉടലെടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടയിലാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. അനിൽ പിന്നീട് വീണ്ടും വിവാഹിതനാകുകയും ചെയ്തു. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസില്‍ തുടരന്വേഷണം നടന്നില്ല.
പൊലീസിന് നിരന്തരം ഊമക്കത്തുകൾ
അടുത്തിടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിക്കുന്ന ഊമക്കത്തുകൾ പൊലീസിന് നിരന്തരം ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ അനിലിന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കല കൊല്ലപ്പെട്ടതാണെന്നും കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നും സുഹൃത്തുക്കൾ മൊഴി നൽകിയതായാണ് വിവരം.
ഇതോടെയാണ് സെപ്റ്റിക് ടാങ്കില്‍ പൊലീസ് പരിശോധന നടത്തിയത്. മണ്ണുമാന്തി യന്ത്രമെത്തിച്ച് മണ്ണുമാറ്റിയ ശേഷമാണ് സ്ലാബ് തുറന്നത്. മൃതദേഹം കലയുടേതെന്ന് ശാസ്ത്രീയ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിന് ആരാണ് ഊമക്കത്തുകൾ അയച്ചതെന്ന് വ്യക്തമല്ല.