പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥന് 7 വർഷം കഠിനതടവും പിഴയും
● ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ എ വി പ്രതീഷിനാണ് ശിക്ഷ.
● ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ 12 വയസ്സുകാരിയെയാണ് പീഡിപ്പിച്ചത്.
● 2022 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള കാലയളവിലാണ് സംഭവം.
● കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നത്.
● പോക്സോ ആക്ട് സെക്ഷൻ 10 r/w 9(n) പ്രകാരമാണ് ശിക്ഷ.
കാഞ്ഞങ്ങാട്: (KasargodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനും ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു.
ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ എ വി പ്രതീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്.
2022 ഡിസംബർ മുതൽ 2023 ജനുവരി വരെ, ഏതോ ഒരു ദിവസം ഉച്ചയ്ക്ക് ശേഷം കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ പ്രതി വീട്ടിലേക്ക് കയറി വന്ന് ഹാളിലെ സോഫയിലിരുന്ന് ടി വി കാണുന്നതിനിടെ കുട്ടിയുടെ അടുത്ത് ഇരുന്നു ലൈംഗിക ഉദ്ദേശത്തോടെ അതിക്രമം നടത്തുകയായിരുന്നു എന്നാണ് കേസ്.
പോക്സോ ആക്ട് സെക്ഷൻ 10 r/w 9(n) പ്രകാരമാണ് ശിക്ഷ. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സുരേഷ് പി എം ആണ് വിധി പ്രഖ്യാപിച്ചത്.
കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചീമേനി സബ് ഇൻസ്പെക്ടർ ആയിരുന്ന കെ അജിത ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Article Summary: Animal husbandry department officer gets 7 years rigorous imprisonment in minor abuse case.
#POCSO #Kasargod #CourtVerdict #RigorousImprisonment #KeralaNews #Crime






