Arrested | 'വാടകയ്‌ക്കെടുത്ത കാറിൽ കറങ്ങി വീട് നോക്കിവെച്ച് രാത്രിയിൽ കവർച്ച നടത്തും, സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിൽ'
കുമ്പള: (KasaragodVartha) വാടകയ്‌ക്കെടുത്ത കാറിൽ കറങ്ങി വീട് നോക്കിവെച്ച് രാത്രിയിൽ വൻ കവർച്ച നടത്തിവന്ന സംഘത്തിലെ പ്രധാന പ്രതി അറസ്റ്റിലായതായി പൊലീസ് പറഞ്ഞു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അശ്റഫ് അലി (25) ആണ് പിടിയിലായത്.
മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസർകോട്, സുള്ള്യ അടക്കം നിരവധി പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കവർച്ചകൾ സംഘം നടത്തിയിട്ടുണ്ടെന്നും നിരവധി കേസുകൾ ഇനിയും തെളിയാനുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. സമർഥമായ നീക്കത്തിലൂടെയാണ് ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ നാലുപേരെ ഇനി പിടികൂടാനുണ്ട്. വാടകയ്ക്ക് കാറിൽ തന്നെയാണ് ഇവർ രാത്രിയിൽ കവർച്ചയ്ക്കിറങ്ങുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ അശ്റഫ് അലിയെ വെള്ളിയാഴ്ച രാത്രിയോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. പ്രതിയുടെ അറസ്റ്റ്, സ്ഥലംമാറിപ്പോകുന്ന കുമ്പള എസ്ഐ ടി എം വിപിനും അഭിമാനമായി. സ്റ്റേഷൻ പരിധിയിൽ ഒമ്പത് കേസുകൾ ഇതിനകം തെളിയിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.