Inspection | കാസർകോട് ഓണ വിപണിയിൽ അളവ് തൂക്ക പരിശോധന: മൂന്ന് കടകൾക്ക് എതിരെ കേസ്
തുണികടകളിൽ ഉപയോഗിക്കുന്ന മീറ്റർ സ്കെയിലുകൾ പരിശോധനയ്ക്ക് ഹാജരാക്കാത്തതിനും പാക്കേജ് ഉൽപ്പന്നങ്ങളായ മുണ്ട്, ഷർട്ട് തുടങ്ങിയവയിൽ നിയമാനുസൃത വിവരങ്ങൾ ഇല്ലാത്തതിനും കേസുകൾ രജിസ്റ്റർ ചെയ്തു.
കാസർകോട്: (KasargodVartha) ഓണക്കാലത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് തുണിക്കടകൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.
ഓണാഘോഷം കണക്കിലെടുത്ത് വിപണി സജീവമായ സാഹചര്യത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഏഴ് മുതൽ 14 വരെ രണ്ട് സ്ക്വാഡുകളായി പ്രത്യേക പരിശോധനയാണ് നടത്തുന്നത്.
തിങ്കളാഴ്ച ജില്ലയിലെ തുണികടകളിൽ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്ന് വ്യാപാര സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. തുണികടകളിൽ ഉപയോഗിക്കുന്ന മീറ്റർ സ്കെയിലുകൾ പരിശോധനയ്ക്ക് ഹാജരാക്കാത്തതിനും പാക്കേജ് ഉൽപ്പന്നങ്ങളായ മുണ്ട്, ഷർട്ട് തുടങ്ങിയവയിൽ നിയമാനുസൃത വിവരങ്ങൾ ഇല്ലാത്തതിനും കേസുകൾ രജിസ്റ്റർ ചെയ്തു. ദോത്തി സാരി, പില്ലോ കവർ, ടവൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ പാക്കേജുകളിൽ നീളവും വീതിയും രേഖപ്പെടുത്തണമെന്നാണ് നിയമം.
ജില്ലയിലെ തുണികടകളിൽ മേശകളിൽ മീറ്റർ, സെന്റിമീറ്റർ അടയാളപ്പെടുത്തിയും, ടൈലോറിങ് ടാപ്പ് തുടങ്ങി നോൺ സ്റ്റാൻഡേർഡ് അളവുകൾ ഉപയോഗിച്ചും അളക്കുന്ന പ്രവണത തുടർന്ന് വരുന്നു. ഇത്തരത്തിലുള്ള അളവുകൾ വിപണിയിൽ നിന്നും ഒഴിവാക്കുന്നതിന് പരിശോധന തുടരുമെന്ന് ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ. പി. ശ്രീനിവാസ അറിയിച്ചു.
ഓണക്കാലത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിന് ഇത്തരം പരിശോധനകൾ തുടരും. ഉപഭോക്താക്കൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകുന്നതിനും ലീഗൽ മെട്രോളജി വകുപ്പിനെ ബന്ധപ്പെടാം.
#Kasaragod #OnamMarket #ConsumerProtection #LegalMetrology #TextileShops #KeralaNews