Arrest | കൊല്ലത്ത് എംഡിഎംഎ കേസിൽ അറസ്റ്റിലായ യുവതിയുടെ സ്വകാര്യ ഭാഗത്ത് ലഹരി

● അനിലാ രവീന്ദ്രൻ എന്ന 34 വയസ്സുകാരിയെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത് വെള്ളിയാഴ്ചയാണ്.
● കർണാടകയിൽ നിന്ന് കാറിൽ എംഡിഎംഎ കടത്തുകയായിരുന്നു യുവതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
● കൊല്ലത്തെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് ഈ ലഹരിവസ്തുക്കൾ.
● 2021-ൽ കാക്കനാട് ലഹരി കേസിൽ അറസ്റ്റിലായ പ്രതിയാണ് അനിലയെന്നും പൊലീസ് അറിയിച്ചു.
കൊല്ലം: (KasargodVartha) കഴിഞ്ഞദിവസം എംഡിഎംഎയുമായി പിടിയിലായ യുവതിയിൽ നിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്കിടെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച 40.45 ഗ്രാം എംഡിഎംഎ കണ്ടെത്തിയെന്നാണ് വിവരം. അനിലാ രവീന്ദ്രനെ(34)യാണ് ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി വെള്ളിയാഴ്ച പിടികൂടിയത്. ഇവരുടെ കാറിൽ നിന്ന് 50 ഗ്രാം എംഡിഎംഎ നേരത്തെ കണ്ടെടുത്തിരുന്നു. തുടർന്നാണ് വൈദ്യപരിശോധന നടത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ശക്തികുളങ്ങര സ്റ്റേഷന് സമീപത്തുനിന്നാണ് അനിലയെ പിടികൂടിയത്. കർണാടകയിൽ നിന്ന് കാറിൽ എംഡിഎംഎയുമായി വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വൈകീട്ട് 5.30-ഓടെ നീണ്ടകര പാലത്തിന് സമീപത്ത് കാർ കണ്ടെങ്കിലും പൊലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയെന്നും, തുടർന്ന് ആൽത്തറമൂട്ടിൽ ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് പൊലീസ് വാഹനം ഉപയോഗിച്ച് കാർ തടഞ്ഞിടുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. കർണാടക രജിസ്ട്രേഷനിലുള്ള കാറിൽ ഒരു യുവതി എംഡിഎംഎ കൊണ്ടുവരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് വിൽപനയ്ക്കെത്തിച്ചതാണ് എംഡിഎംഎയെന്നാണ് പൊലീസ് പറയുന്നത്.
ബെംഗളൂരുവിൽ നിന്ന് സ്വന്തം കാറിൽ ഒളിപ്പിച്ച് കടത്തുന്ന എംഡിഎംഎ ആവശ്യക്കാർക്ക് എത്തിച്ചുനൽകാറാണ് പതിവെന്നും പൊലീസ് പറയുന്നു. നേരത്തെ 2021-ൽ കാക്കനാട് അപ്പാർട്മെന്റിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും എൽഎസ്ഡി സ്റ്റാംപുകളുമായി പിടിയിലായ കേസിൽ പ്രതിയാണ് ഇവരെന്നും പൊലീസ് സൂചിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന തുടങ്ങിയിരുന്നു. കൊല്ലം എസിപി എസ്. ഷെരീഫിൻ്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. സിറ്റി പൊലീസ് പരിധിയിൽ ഈ മാസം മാത്രം വാണിജ്യ അളവിൽ എംഡിഎംഎ പിടികൂടുന്ന നാലാമത്തെ കേസാണിതെന്നും പൊലീസ് അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
A woman arrested in Kollam for MDMA possession was found with an additional 40.45 grams of the drug concealed in her private parts during a medical examination. This follows the initial seizure of 50 grams of MDMA from her car. The 34-year-old was apprehended while transporting the drugs from Karnataka, allegedly intended for sale to students in Kollam. She also has a prior drug offense record.
#KollamDrugsCase #MDMASeizure #DrugTrafficking #KeralaPolice #NarcoticsControl #CrimeNews