Police Raid | എംഡിഎംഎ യുമായി യുവാവ് പിടിയിലായതിന് പിന്നാലെ വീട് റെയ്‌ഡ് ചെയ്തപ്പോൾ കിട്ടിയത് 17,500 പാകറ്റ് പാൻമസാല; 3 പേർ അറസ്റ്റിൽ; 'മുഖ്യസൂത്രധാരൻ രക്ഷപ്പെട്ടു'
ഒളിവിൽ പോയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്
വിദ്യാനഗർ: (KasargodVartha) ഓടോറിക്ഷയിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് പിടികൂടിയതിന് പിന്നാലെ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ റെയിഡിൽ 17,500 പാകറ്റ് പാൻമസാല പിടികൂടി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ഖാദറിനെ (46) യാണ് വിദ്യാനഗർ എസ്ഐ വി രാമകൃഷ്‌ണനും സംഘവും എംഡിഎംഎയുമായി ആദ്യം അറസ്റ്റ് ചെയ്തത്.
വാഹന പരിശോധനക്കിടെയാണ് കെഎൽ 14 ടി 1420 നമ്പർ ഓടോറിക്ഷയിൽ വിൽപനയ്ക്കായി കടത്തുകയായിരുന്ന 0.860 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് പാൻമസാല വിൽപനയുമായും യുവാവിന് ബന്ധമുണ്ടെന്നും ചെട്ടുംകുഴിയിലെ ഒരു വീട്ടിൽ വൻതോതിൽ പാൻമസാല ശേഖരിച്ചു വെച്ചിട്ടുണ്ടെന്നുമുള്ള വിവരം ലഭിച്ചത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ അദ്രു എന്നയാളുടെ വീട് വിദ്യാനഗർ ഇൻസ്പെക്ടർ യു പി വിപിൻ്റെ നേതൃത്വത്തിൽ റെയിഡ് ചെയ്‌താണ് പാൻമസാല ശേഖരം പിടികൂടിയത്. യുവാവ് പൊലീസ് എത്തുന്നത് കണ്ട് രക്ഷപ്പെട്ടു. ഇയാളുടെ സഹോദരങ്ങളായ അബൂബകർ, ജലീൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരാണ് ഇവിടെ പാൻ മസാലയും മയക്കുമരുന്നും വിതരണം ചെയ്യുന്നതെന്നാണ് പൊലീസിൻ്റെ സംശയം. ഒളിവിൽ പോയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കിയതായി ഇൻസ്പെക്ടർ യു പി വിപിൻ പറഞ്ഞു.