മാവുങ്കാലിൽ കാർ സ്കൂട്ടിയിലിടിച്ച് യുവതി മരിച്ചു; മകന് ഗുരുതര പരിക്ക്, നിർത്താതെ പോയ വാഹനം കസ്റ്റഡിയിൽ
● നെല്ലിക്കാട്ട് പൈരടുക്കത്തെ വേണുഗോപാലന്റെ ഭാര്യ കെ രജനിയാണ് മരിച്ചത്
● പരിക്കേറ്റ മകൻ അദ്വൈത് മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു
● കാർ ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും വകുപ്പുകൾ ചുമത്തി
കാഞ്ഞങ്ങാട്: (KasargodVartha) മാവുങ്കാൽ ദേശീയപാതയിൽ കല്യാൺ റോഡിലെ ക്രൈസ്റ്റ് സ്കൂളിന് സമീപം സ്കൂട്ടിയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു.
നെല്ലിക്കാട്ട് പൈരടുക്കത്തെ വേണുഗോപാലൻ്റെ ഭാര്യ കെ രജനി(45)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ അദ്വൈതി(10)ന് പരിക്കേറ്റ് മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
2026 മേയ് 18 തിങ്കളാഴ്ച വൈകിട്ട് 6.35-ഓടെയാണ് അപകടം നടന്നത്. കാസർകോട് ഭാഗത്ത് നിന്ന് മാവുങ്കാൽ ഭാഗത്തേക്ക് ദേശീയപാതയിലൂടെ പോവുകയായിരുന്ന കെ എൽ 60 എക്സ് 9045 നമ്പർ സ്കൂട്ടറിലേക്കാണ് കെ എൽ 14 എ ജി 3446 നമ്പർ ഇന്നോവ കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി തെറിച്ചുവീഴുകയും രജനിക്ക് പരിക്കേൽക്കുകയും ചെയ്തു.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂട്ടിയുടെ പിറകിലിരുന്ന അദ്വൈതിന് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു.
അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ച് പോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹോസ്ദുർഗ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 281, 125(a), 106(1) വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ 134, 187 വകുപ്പുകളും ചുമത്തി കേസെടുത്തു.
ബല്ലാ കല്യാൺ റോഡിൽ 'മോഡുലാർ കിച്ചൻ ഷോപ്പിന്' സമീപത്താണ് അപകടമുണ്ടായത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ അമിത വേഗത്തിലും അശ്രദ്ധയിലുമാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.
അജാനൂർ കാട്ടുകുളങ്ങര സ്വദേശിനിയായ എൻ വിജിത നൽകിയ പരാതിയിലാണ് ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐ സി ജി സാംസൺ ആണ് കേസ് അന്വേഷിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: A 45-year-old woman died and her son was injured when a speeding car rammed into their scooter in Mavungal, Kanhangad; the fleeing vehicle was later seized by the police.
#Kanhangad #Mavungal #RoadAccident #KasaragodNews #KeralaPolice #HosdurgPolice






