Fraud | മാട്രിമോണിയൽ ആപിൽ സുന്ദരിയായ യുവതിയുടെ ഫോടോ കണ്ട് വിവാഹ അഭ്യർഥന നടത്തി; കാസർകോട്ടെ യുവാവിന് നഷ്ടമായത് 5.67 ലക്ഷം രൂപ! ഇരയായത് ഇങ്ങനെ
● യുവതി ഒരു തവണ വീഡിയോ കോളിലും സംസാരിച്ചതായി യുവാവ്
● പല തരത്തിലുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു.
കാസര്‍കോട്: (KasargodVartha) മാട്രിമോണിയല്‍ ആപിലൂടെ പരിചയപ്പെട്ട, ഇംഗ്ലണ്ടിൽ ജ്വലറിയിൽ ജോലി ചെയ്യുന്ന പ്രിയങ്ക എന്ന് പരിചയപ്പെടുത്തിയ യുവതി കാസർകോട് കുമ്പഡാജെ സ്വദേശിയായ യുവാവിന്റെ 5,67,299 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പഡാജെ മൗവ്വാര്‍ ഗോസാഡയിലെ പി അശ്വിനാണ് പണം നഷ്ടമായത്.
അവിവാഹിതനായ അശ്വിന്‍ കന്നഡ മാട്രിമോണിയല്‍ ആപ് വഴിയാണ് പ്രിയങ്കയെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വാട്സ് ആപ് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. ഇംഗ്ലണ്ടിലാണ് താമസമെന്നാണ് യുവതി പറഞ്ഞത്. മലയാളത്തിലാണ് സംസാരിച്ചതെന്നും ഒരു തവണ യുവതി തന്നെ വീഡിയോ കോൾ വിളിച്ചിരുന്നതായും ഇവരുടെ ഫോടോ തനിക്ക് അയച്ചിരുന്നതായും വീഡിയോ കോളിൽ സംസാരിച്ച യുവതിയുടെ ഫോടോ തന്നെയാണ് ഇതെന്നും അശ്വിൻ കാസർകോട് വാർത്തയോട് പറഞ്ഞു.
ഇതിനിടയിൽ യുവാവിന്റെ പേരിൽ ഐഫോൺ, ലാപ്ടോപ്, ഷാംപൂ, സോപ് തുടങ്ങി ഒരുപാട് സാധനങ്ങൾ കൊറിയർ വഴി അയച്ചിട്ടുണ്ടെന്നും ലാപ്ടോപിന്റെ അടിയിൽ 30 ലക്ഷം രൂപയുടെ ഡോളർ വെച്ചിട്ടുണ്ടെന്നും ഇത് അയക്കാനുള്ള ചിലവിലേക്കായി യുവതിയുടെ നിർദേശപ്രകാരം 5,67,299 രൂപ അയച്ചുകൊടുത്തതായും അശ്വിൻ പറയുന്നു. 2023 ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി എട്ടുവരെയുള്ള തീയതികളിലാണ് ഇത്രയും പണം യുവതി നൽകിയ വിവിധ അകൗണ്ടുകളിലേക്ക് അയച്ചുകൊടുത്തത്.
പണം അയച്ച ശേഷം യുവതിയെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. അയച്ചുവെന്നു പറഞ്ഞ കൊറിയറും യുവാവിന്റെ പേരിൽ എത്തിയില്ല. അച്ഛനില്ലെന്നും അമ്മ മാത്രമേ കൂടെയുള്ളൂവെന്നും നാട്ടിലേക്ക് വരുന്നുവെന്നും പറഞ്ഞാണ് യുവതി തന്നെ കബളിപ്പിച്ചതെന്നും നാട്ടിലെവിടെയാണെന്ന് കാര്യം വെളിപ്പെടുത്താൻ യുവതി തയ്യാറായിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കി.
നാട്ടിൽ ബന്ധുക്കൾ ആരുമില്ലെന്നാണ് ചോദിച്ചപ്പോൾ യുവതി പ്രതികരിച്ചതെന്നും അശ്വിൻ വെളിപ്പെടുത്തി. 4478809770, 917641920361 എന്ന മൊബൈൽ ഫോൺ നമ്പറുകളിലാണ് തട്ടിപ്പുകാരി തന്നെ ബന്ധപ്പെട്ടതെന്ന് യുവാവ് പരാതിയിൽ പറയുന്നു. സംഭവത്തിൽ ബദിയഡുക്ക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
#matrimonialscam #onlinefraud #cybercrime #kasaragod #india #beware