Crime | കാസർകോട് നിന്നെത്തിയ ലോറിയിൽ വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ; 3 യുവാക്കൾ തൃശൂരിൽ പിടിയിൽ
കർണാടകയിൽ നിന്ന് വൻതോതിൽ വാങ്ങിയ പുകയില ഉത്പന്നങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ വിൽക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു
തൃശൂർ: (KasargodVartha) കാസർകോട് നിന്നെത്തിയ ലോറിയിൽ നിന്ന് വൻ തോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ മണ്ണുത്തി പൊലീസ് പിടികൂടി. സംഭവത്തിൽ കാസർകോട് സ്വാദേശികളായ മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാതയിൽ വാഹനം തടഞ്ഞു പരിശോധിച്ചപ്പോഴാണ് 5000 പാകറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
ജില്ലാ ആൻ്റി നാർകോടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിൻ്റെയും മണ്ണുത്തി പൊലീസിന്റെയും സംയുക്ത നീക്കത്തിലാണ് യുവാക്കൾ പിടിയിലായത്. പത്തിലേറെ വലിയ ചാക്കുകളിലായി പുകയില ഉൽപന്നങ്ങൾ പൊതിഞ്ഞ് ടാർപോളിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കർണാടകയിൽ നിന്ന് വൻതോതിൽ വാങ്ങിയ പുകയില ഉത്പന്നങ്ങൾ കേരളത്തിലെ വിവിധ ജില്ലകളിൽ വിൽക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് ജില്ലയിൽ സാധനങ്ങൾ ഇറക്കിയ ശേഷം തൃശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പിടിയിലായത്. പിടിയിലായവരെ ചോദ്യം ചെയ്ത് പുകയില ഉത്പന്നങ്ങളുടെ ഉറവിടവും കേരളത്തിലെ ശൃംഖലയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.