Arrest | സംഘടിത മുക്കുപണ്ട തട്ടിപ്പ്: പിന്നിൽ വൻ റാകറ്റ്; 13 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്; 6 പേർ അറസ്റ്റിൽ; ബാങ്ക് അധികൃതരുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ്
● കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധിയിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തു.
● മുഖ്യ സൂത്രധാരൻ വിദേശത്തേക്ക് കടന്നതായി സൂചന.
● സഹകരണ വകുപ്പും അന്വേഷണം തുടങ്ങി.
നീലേശ്വരം: (KasargodVartha) ജില്ലയിൽ സംഘടിത മുക്കുപണ്ട തട്ടിപ്പ് നടന്നതായി പൊലീസ് കണ്ടെത്തൽ. പിന്നിൽ വൻ റാകറ്റ് തന്നെ പ്രവർത്തിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും കാഞ്ഞങ്ങാട് സബ് ഡിവിഷൻ പരിധിയിൽ മാത്രം 13 കേസുകൾ രജിസ്റ്റർ ചെയ്തതായും കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് കാസർകോട് വാർത്തയോട് പ്രതികരിച്ചു. സംഭവത്തിൽ വിവിധയിടങ്ങളിലായി ആറ് പേർ അറസ്റ്റിലായി.
ബാങ്ക് അധികൃതരുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. ചീമേനി, നീലേശ്വരം, കാഞ്ഞങ്ങാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മാത്രമാണ് 13 കേസുകൾ രജിസ്റ്റർ ചെയ്യുകയും നിരവധിപേർ അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നത്. നീലേശ്വരത്ത് മൂന്ന് പേർ പേർ അറസ്റ്റിലായിട്ടുണ്ട്. ചീമേനിയിൽ നേരത്തേ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കാഞ്ഞങ്ങാട്ടും ഒരാളും അറസ്റ്റിലായി.
നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ വി സുമേഷ് (38), പി രാജേഷ് (32), സുനിൽ എന്നിവരെയാണ് എസ്ഐ വിഷ്ണുപ്രസാദ്, എസ്ഐ മുരളീധരന്‍ എന്നിവരടങ്ങിയ സംഘം ശനിയാഴ്ച വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ അശ്‌റഫ്, രാജേഷ്, ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാബു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
ബാബുവിനെ ചോദ്യം ചെയ്തപ്പോൾ കാഞ്ഞങ്ങാട്ടെ മുഖ്യ സൂത്രധാരൻ റഈസ് എന്നയാളാണ് ആഭരണം പണം വെക്കാൻ ഏൽപ്പിച്ചതെന്നും തനിക്ക് 5,000 രൂപ മാത്രമേ കിട്ടിയുള്ളുവെന്നും പൊലീസിനോട് വെളിപ്പെടുത്തി. ഇയാളുടെ അറസ്റ്റ് രാത്രി വൈകിയാണ് രേഖപ്പെടുത്തിയത്. ബാബുവിന് ആദരണം നൽകിയ റഈസ് തന്നെയാണ് നീലേശ്വരത്ത് ആദരണം പണം വെച്ചവർക്കും മുക്കുപണ്ടം നൽകിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
മുഖ്യ സൂത്രധാരനായ റഈസ് വിദേശത്തേക്ക് കടന്നതായാണ് സൂചന.
നീലേശ്വരത്ത് സര്‍വീസ് കോ ഓപറേറ്റീവ് ബാങ്ക് മെയിന്‍ ബ്രാഞ്ചിലും ശാഖയിലുമാണ് പ്രതികള്‍ മുക്കുപണ്ടം സ്വര്‍ണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണയം വെച്ച് പണം തട്ടിയെടുത്തത്. ഇക്കഴിഞ്ഞ മെയ് 22ന് 83.700 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ പത്തുവളകള്‍ പണയം വെച്ച് സുമേഷ് 3,90,300 രൂപയും മറ്റൊരു കേസില്‍ 41.900 ഗ്രാം തൂക്കമുള്ള അഞ്ച് വളകളുടെ മുക്കുപണ്ടം പണയം വെച്ച് 2,08,500 രൂപയും രാജേഷ് ഇക്കഴിഞ്ഞ ഏപ്രില്‍ 11 ന് 33.900 ഗ്രാം തൂക്കം വരുന്ന നാലു വളകള്‍ പണയപ്പെടുത്തി 1,42,000 രൂപയും എപ്രില്‍ 12ന് 33.200
ഗ്രാം തൂക്കം വരുന്ന നാലുവളകള്‍ പണയപ്പെടുത്തി 1,42,000 രൂപയും കൈവശപ്പെടുത്തി ബാങ്കിനെ വഞ്ചിച്ചുവെന്ന ബാങ്ക് അധികൃതരുടെ പരാതിയിലാണ് കേസെടുത്ത് പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.
നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രഭാത - സായാഹന ശാഖയില്‍ 24.600 ഗ്രാം തൂക്കം വരുന്ന മൂന്ന് മുക്കുപണ്ടത്തിന്റെ വളകള്‍ പണയപ്പെടുത്തി 1,14,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ എം സുനിലിനെ (44) തിരെയും നീലേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്കിൻ്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണിപ്പെടുത്തി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു.
ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും നാല് വളകൾ പണയപ്പെടുത്തി 69,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ബാബുവിനെതിരെയും മെയിൻ ബ്രാഞ്ചിൽ നി ന്ന് തന്നെ മൂന്ന് വളകൾ പണയപ്പെടുത്തി 1,17,000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അശ്റഫിനെതിരെതിയും ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു. സെക്രടറി എച് പ്രദീപ്‌കുമാർ ആണ് പരാതി നൽകിയത്.
ബാങ്കിന്റെ ഹൊസ്‌ദുർഗ് സായാഹ്ന ശാഖയിൽ നാല് വളകൾ പണയപ്പെടുത്തി 2,77,700 രൂപ തട്ടിയെടുത്തതിന് ബ്രാഞ്ച് മാനേജർ പുല്ലൂർ മധുരക്കാട്ടെ പി സിന്ധുവിൻ്റെയും ആറങ്ങാടി ബ്രാഞ്ചിൽ നാല് വളകൾ പണയപ്പെടുത്തി 1,32,000 രൂപയും തട്ടിയെടുത്തതിന് മാനജർ എം സു നിലിൻ്റെയും പരാതിയിൽ മുഹമ്മദ് റിയാസിനെതിരെയും ഹൊസ്‌ദുർഗ് പൊലീസ് കേസെടുത്തു.
നീലേശ്വരം സർവീസ് സഹകരണ ബാങ്കിൻ്റെ പ്രധാനബ്രാഞ്ചിൽ മുക്കുപണ്ടം പണയപ്പെടു ത്തി ഒന്നര ലക്ഷത്തോളം തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് സെക്രടറി കെ ആർ രാകേഷിൻ്റെ പരാതിയിൽ പി രാജേഷിനെതിരെ നീലേ ശ്വരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏപ്രിൽ 12ന് 33. 266 ഗ്രാം തൂക്കമുള്ള നാല് വളകൾ പണയപ്പെടുത്തിയാണ് 1,42,000 രൂപ കൈക്കലാക്കിയത്. സംശയം തോന്നി സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് പണയപ്പെടുത്തിയെന്ന് പറയുന്ന സ്വർണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്.
ചെറുവത്തൂർ തിമിരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഭവമാണ് ആദ്യം പുറത്ത് വന്നത്. ഈ അറസ്റ്റിലായ യുവാക്കൾ ചീമേനി സഹകരണ ബാങ്കിലും മുക്കുപണ്ട ങ്ങൾ പണയപ്പെടുത്തി പണം തട്ടിയെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ചീമേനി പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജേഷ് (38), അശ്റഫ് (40) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി നാലുലക്ഷത്താളം രൂപകൈപ്പറ്റി ചീമേനി സഹകരണ ബാങ്കിനെ വഞ്ചിച്ചുവെന്നതിനാണ് കേ സ്. ഇരുവരും തിമിരി സഹകരണ ബാങ്കിൽ അഞ്ചുവളകൾ പണയപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രാജേഷാണ് ആ ഭരണങ്ങളുമായി ബാങ്കിലെത്തിയത്. പരിശോധനയിൽ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ് ഇയാളെ തടഞ്ഞുവച്ചു.
തനിക്ക് സുഹൃത്തായ അശ്റഫാണ് ആഭരണങ്ങൾ നൽകിയതെന്നാണ് രാജഷ് ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. തുടർന്ന് അശ്റഫിനെയും ബാങ്കി ലേക്ക് വിളിച്ചു വരുത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഇവർ ഇരുവരും റിമാൻഡിലാണ് ഇപ്പോൾ.
രാജേഷും അശ്റഫും ചീമേനി ബാങ്കിലും ആഭര ണങ്ങൾ പണയപ്പെടുത്തി വായ്‌പയെടുത്തിരുന്നുവെന്ന് പരാതിയുണ്ട്. തിമിരി ബാങ്കിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവർ പണയപ്പെടുത്തിയ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. ബാങ്ക് അധികൃതർ ചീമേനി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. രാജേഷ് കൊടക്കാട് സഹകരണ ബാങ്കിൽ ഏഴു വളകൾ പണയപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയതായും ഇതിടെയിൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ സഹകരണ വകുപ്പും തട്ടിപ്പിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിപ്പ് നടന്ന ബാങ്കുകളിലെല്ലാം എത്തി സഹകരണ ഉദ്യോഗസ്ഥർ വിശദമായ റിപോർട് തയ്യാറാക്കിയിട്ടുണ്ട്. പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത രീതിയിലുള്ള സ്വർണം പൂശിയ ആഭരണങ്ങളാണ് ബാങ്കുകളിൽ കണ്ടതെന്നാണ് സഹകരണ ഉദ്യോഗസ്ഥർ റിപോർട് ചെയ്തതായാണ് സൂചന.
#keralagoldscam #bankscam #fraud #arrest #investigation #kerala #india