Seizure | ഉപ്പളയിൽ 3.5 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ; റെയ്‌ഡ് നടന്നത് വീട്ടിൽ
● പത്വാടി കൊണ്ടാവൂരിലെ ഒരു വീട്ടിലാണ് റെയ്‌ഡ് നടത്തിയത്.
● കാസർകോട് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടപടി.
ഉപ്പള: (KasargodVartha) മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പളയിൽ 3.5 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട. ഉപ്പള പത്വാടി കൊണ്ടാവൂരിലെ ഒരു വീട്ടിൽ നിന്നാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തിയത്. ബേക്കൽ ഡിവൈഎസ്‌പി വിവി മനോജിന്റെ നേതൃത്വത്തിൽ ബേക്കൽ ഇൻസ്പെക്ടർ എ സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. അസ്‌കർ അലി എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ പിടിയിലായിട്ടുള്ളത്.
ഓഗസ്റ്റ് 30ന് മേൽപറമ്പ് കൈനോത്ത് റോഡിൽ വെച്ച് 49.33 ഗ്രാം എംഡിഎംഎവുമായി അബ്ദുൽ റഹീം എന്ന രവിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസ് സംഘം എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അസ്കർ അലിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് വീട്ടിൽ മയക്കുമരുന്ന് ശേഖരം സൂക്ഷിച്ചിട്ടുള്ളതായി വ്യക്തമായത്.
കാർഡ് ബോർഡ് പെട്ടികളിലായി സൂക്ഷിച്ച മൂന്ന് കിലോയോളം എംഡിഎംഎയും ഒരു കിലോയോളം കഞ്ചാവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള ലഹരി മരുന്നും കണ്ടെത്തിയിട്ടുണ്ട്. നിരവധി ലഹരി ഗുളികകളും കണ്ടെടുത്തു. ഏതാനും വർഷം മുമ്പ് വീട് വാങ്ങിയവരാണ് ഇവിടെ മയക്കുമരുന്ന് വ്യാപാരം നടത്തിവന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. റെയ്‌ഡ് തുടരുകയാന്നെനും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ കാസർകോട് വാർത്തയോട് പറഞ്ഞു.
#drugseizure #Kerala #Kasaragod #Uppala #MDMA #police #breaknews