Investigation | ഉപ്പളയിലെ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് ഇടപാടിലേക്ക് തിരിഞ്ഞത് മണി ചെയിനില്‍ പണം നഷ്ടപ്പെട്ട ശേഷമെന്ന് സൂചന; സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി
● ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബം.
● പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ മയക്കുമരുന്നുകള്‍.
● അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പിക്കും.
കാസര്‍കോട്: (KasargodVartha) ഉപ്പള, പത്വാടിയിലെ ഒരു വീട്ടില്‍നിന്ന് കോടികളുടെ മയക്കുമരുന്ന് (Drugs) പിടികൂടിയ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മയക്കുമരുന്നുമായി അറസ്റ്റിലായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഷ്കർ അലി(Ashkar Ali-26) യുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ (District Police Chief D Shilpa) വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഷ്കർ അലിയുടേത് സാമ്പത്തിക ഭദ്രതയുള്ള കുടുംബമാണെന്ന് വീട്ടില്‍ പരിശോധ നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന അയല്‍ക്കാരനും ഉപ്പള ടൗണ്‍ വാര്‍ഡ് മെംബറുമായ ടി എം അബ്ദുര്‍ റഹ്‌മാന്‍ വെളിപ്പെടുത്തി. ഒരു വര്‍ഷം മുന്‍പ് നാട്ടിലെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് മണിചെയിന്‍ ഗ്രൂപില്‍ ചേര്‍ന്നിരുന്നു. ഈ ഗ്രൂപില്‍ അഷ്കർ അലിയും അംഗമായിരുന്നു. പലര്‍ക്കും മണിചെയിന്‍ തട്ടിപ്പില്‍ 10 മുതല്‍ 15 ലക്ഷം രൂപവരെ പണം നഷ്ടപ്പെട്ടിരുന്നു. ഇത്തരത്തില്‍ അഷ്കർ അലിക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും ഇതിന്റെ പേരിലായിരിക്കാം യുവാവ് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെടാന്‍ സാധ്യതയെന്ന് കരുതുന്നതായും ഒരു സിഗററ്റ് വലിക്കുന്ന ദൂഷ്യസ്വഭാവം പോലും ഇല്ലാത്തയാളാണ് യുവാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഷ്കർ അലിയുടെ പിതാവ് ലന്‍ഡനിലെ ഒരു കംപനിയില്‍ ജോലിക്കാരനായിരുന്നു. മൂന്നര വര്‍ഷം മുന്‍പ് അസുഖത്തെ തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക് വരികയായിരുന്നു. അന്ന് പിതാവിന് പകരം അഷ്കർ അലി ജോലിക്കായി ലന്‍ഡനിലേക്ക് പോകാനിരുന്നതാണ്. എന്നാല്‍ ഇളയ സഹോദരനെയാണ് അവിടേക്ക് പറഞ്ഞയച്ചത്. നാട്ടിലെ പല പൊതുകാര്യങ്ങള്‍ക്കും ചോദിക്കാതെ തന്നെ കയ്യയച്ച് സഹായിച്ച് വന്നയാളാണ് അഷ്കർ അലിയുടെ പിതാവ്. യുവാവിന് എന്തെങ്കിലും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പിതാവിനെ അറിയിച്ചിരുന്നുവെങ്കില്‍ ആ പ്രശ്‌നം പിതാവ് തന്നെ പരിഹരിക്കുമായിരുന്നു. യുവാവിന്റെ വീട് ഉള്‍പെടുന്ന സ്ഥലത്ത് സെന്റിന് നാല് മുതല്‍ അഞ്ച് ലക്ഷംവരെ വിലയുണ്ട്. ഇവരുടെ സ്ഥലത്തുനിന്നും ചെറിയൊരു സ്ഥലം നല്‍കിയാല്‍ പോലും ആ ബാധ്യത തീര്‍ക്കാന്‍ കഴിയും. മൂന്ന് മുറികള്‍ താഴെയും മൂന്ന് മുറികള്‍ മുകളിലും ഉള്ള ഇരുനില വീട്ടില്‍ താഴത്തെ നില മാത്രമാണ് യുവാവും മാതാപിതാക്കളും നാലാം ക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരനും ഉപയോഗിച്ച് വന്നിരുന്നത്. മുകള്‍നിലയില്‍ വസ്ത്രങ്ങള്‍ ഉണങ്ങാന്‍ ഇടാനും സാധനങ്ങള്‍ സൂക്ഷിക്കാനുമായാണ് ഉപയോഗിച്ച് വന്നിരുന്നത്. മുകള്‍നിലയിലെ അടച്ചിട്ട ഒരു മുറിയില്‍നിന്നാണ് ട്രോളിബാഗില്‍ 3.409 കി.ഗ്രാം എംഡിഎംഎ, 640 ഗ്രാം പച്ചകഞ്ചാവ്, 96.96 ഗ്രാം കൊക്കൈന്‍, 30 ലഹരി കാപ്‌സ്യൂള്‍ തുടങ്ങിയവ പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ മൂന്നര കോടിയോളം രൂപ വില വരുമെങ്കിലും ഒരു കോടിയിലധികം രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തതെന്നുമാണ് ജില്ലാ പൊലീസ് മേധാവി വിശദീകരിച്ചത്.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള യുവാവിന് കാര്യമായ മറ്റ് ജോലികളൊന്നും ഇല്ല. അഷ്കർ അലി മയക്കുമരുന്ന് സംഘത്തിന്റെ ഇടനിലക്കാരനാണെന്നും വമ്പന്‍ സ്രാവുകള്‍ പിന്നിലുണ്ടെന്നുമാണ് പൊലീസിന്‍റെ സംശയം. യുവാവിന് മയക്കുമരുന്ന് എവിടെനിന്ന് കിട്ടി, ആര്‍ക്കൊക്കെ നല്‍കി, ആരെല്ലാമായി സാമ്പത്തിക ഇടപാട് നടന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അന്വേഷണത്തെ ബാധിക്കുന്നതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിപിഎസ് ആക്ട് പ്രകാരം പ്രതി മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ചതാണെന്ന് കരുതുന്ന സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ വകുപ്പുണ്ടെന്നും ഇതിനുള്ള നടപടി തുടങ്ങി കഴിഞ്ഞതായും ഡി ശില്‍പ വ്യക്തമാക്കി. യുവാവിന്റെ ബാങ്ക് അകൗണ്ടുകളും വാഹനങ്ങള്‍ ഉണ്ടെങ്കില്‍ അതും കണ്ടുകെട്ടാന്‍ കഴിയും. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ പൊതുജനങ്ങള്‍ പൊലീസുമായി പൂര്‍ണമായി സഹകരിക്കണമെന്നും എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ പൊലീസ് മോധാവി തൊട്ട് താഴെക്കിടയിലുള്ള ഇന്‍സ്‌പെക്ടര്‍മാരെ വരെ വിവരം അറിയിക്കണമെന്നും. പഴുതടച്ചുള്ള അന്വേഷണത്തിലൂടെ ആഴത്തില്‍ വേരൂന്നിയ മയക്കുമരുന്ന് സംഘങ്ങളുടെ വേരറുക്കാന്‍ കഴിയുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ആഗസ്ത് 30 ന് മേല്‍പറമ്പില്‍ കൈനോത്ത് റോഡില്‍വെച്ച് 49.33 ഗ്രാം എംഡിഎംഎയുമായി അബ്ദുള്‍ റഹീം എന്ന രവിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ പിന്‍തുടര്‍ന്ന് മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാര്‍ നടത്തിയ അന്വേഷണമാണ് വന്‍ മയക്കുമരുന്ന് വേട്ടയിലേക്ക് കാര്യങ്ങള്‍ എത്തിയത്. മയക്കുമരുന്ന് കേസിന്റെ അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍, മഞ്ചേശ്വരം എസ് ഐ നിഖില്‍, സ്പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രതീഷ് ഗോപാല്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപന്‍ (മേല്‍പ്പറമ്പ്), സിവില്‍ പൊലീസ് ഓഫീസര്‍ വന്ദന (മഞ്ചേശ്വരം), എ എസ് ഐ മധു (മഞ്ചേശ്വരം), എ എസ് ഐ പ്രസാദ് (വിദ്യാനഗര്‍), സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ് (മഞ്ചേശ്വരം), എ എസ് ഐ സുമേഷ് രാജ്, സിവില്‍ പൊലീസ് ഓഫീസര്‍ നിധീഷ് (മഞ്ചേശ്വരം), സി പി ഒ പ്രശോഭ് (മഞ്ചേശ്വരം), സിവില്‍ പൊലീസ് ഓഫീസര്‍ നിധിന്‍ (മഞ്ചേശ്വരം), എസ് ഐ സലാം (മഞ്ചേശ്വരം) എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡില്‍ പങ്കെടുത്തത്. ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിധിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി എന്നിവരും പരിശോധനയ്ക്ക് സഹായം നല്‍കി.
#drugseizure #kerala #kasargod #drugtrafficking #moneychainscam #investigation